ശ്രീരാമനെ കുറിച്ചുള്ള വിവാദ പോസ്റ്റ് ; പി ബാലചന്ദ്രനെ തള്ളി സിപിഐ; എംഎൽഎ ഓഫീസിലേക്ക് മാർച്ച്


ശ്രീരാമനെ കുറിച്ചുള്ള വിവാദ എഫ് ബി പോസ്റ്റിൽ എംഎൽഎ പി ബാലചന്ദ്രനെ തള്ളി സിപിഐ. പി ബാലചന്ദ്രൻ എംഎൽഎയ്ക്ക് തെറ്റുപറ്റിയെന്ന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് പറഞ്ഞു. എംഎൽഎ പറഞ്ഞത് പാർട്ടി നിലപാടല്ല. എംഎൽഎ ജാഗ്രത കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഫ്ബി പോസ്റ്റ് എംഎൽഎ തന്നെ പിൻവലിച്ചു. എംഎൽഎയുടെ അഭിപ്രായം സിപിഐയ്ക്ക് ഇല്ല. സിപിഐയുടെ നയവുമല്ല. എല്ലാ മതങ്ങളുടെ വിശ്വാസങ്ങളേയും മാനിക്കുന്ന പാർട്ടിയാണ് സിപിഐ. എംഎൽഎ അങ്ങനെ പറയാൻ പാടില്ലായിരുന്നു, പറഞ്ഞത് തെറ്റാണ്. ബിജെപി ഇത്തരം അവസരങ്ങളെ ഉപയോഗിക്കും. പറഞ്ഞതിന് വ്യക്തി മാത്രമാണ് ഉത്തരവാദിയെന്നും വത്സരാജ് വ്യക്തമാക്കി.

അതേസമയം എംഎൽഎ ബാലചന്ദ്രനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. പി ബാലചന്ദ്രൻ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തി പോസ്റ്റിട്ട എംഎൽഎയ്ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നാഗേഷ് പറഞ്ഞു. കലാപശ്രമമാണ് എംഎൽഎ നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം.

പി ബാലചന്ദ്രൻ എംഎൽഎയുടെ ഓഫീസിലേക്ക് വൈകിട്ട് നാലിന് ബിജെപി മാർച്ച് നടത്തും. ബാലചന്ദ്രൻ പ്രകടിപ്പിച്ചത് സിപിഐയുടെ അഭിപ്രായമെന്ന് ബിജെപി ആരോപിച്ചു. മതഭീകരവാദികളെ പ്രീണിപ്പിക്കാനാണ് ഈ എഫ്ബി പോസ്റ്റ്. ബാലചന്ദ്രൻ്റെ നിയമസഭാ അംഗത്വം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും നാഗേഷ് കൂട്ടിച്ചേർത്തു.

വിവാദമായതോടെ പി ബാലചന്ദ്രൻ പോസ്റ്റ് പിൻവലിച്ചിരുന്നു. ശ്രീരാമനെയും സീതയയെും കുറിച്ചുള്ള വിവാദ പോസ്റ്റാണ് ബാലചന്ദ്രൻ പിൻവലിച്ചത്. വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി എംഎൽഎ അറിയിച്ചു. കഥകൾ എഴുതാറുണ്ടെന്നും പണ്ടെങ്ങോ എഴുതിയ കഥ ഫേസ്ബുക്കിലിട്ടിരുന്നുവെന്നും സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ ഡിലീറ്റ് ചെയ്തെന്നും പി ബാലചന്ദ്രൻ പറഞ്ഞു. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്നതെന്ന് ആരോപിച്ച് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു.

article-image

bv dffvdf

You might also like

Most Viewed