ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാൻ സംരക്ഷണ ഭിത്തി കെട്ടി’; ഭൂമി കൈയേറിയിട്ടില്ലെന്ന് കുഴൽനാടൻ
ചിന്നക്കനാലിൽ ഭൂമി കയ്യേറിയെന്ന റവന്യു വകുപ്പ് റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല. പുറമ്പോക്ക് കയ്യേറി മതിൽ കെട്ടി എന്നത് ശരിയല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി പുതുക്കിപണിയുക മാത്രമാണ് ചെയ്തത്. റവന്യു വകുപ്പിൻറെ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. വാങ്ങിയ സ്ഥലത്തിൽ കൂടുതലൊന്നും കൈവശമില്ലെന്നും കുഴൽനാടൻ വിശദീകരിച്ചു.
വിജിലൻസ് മൊഴി രേഖപ്പെടുത്താൻ വിളിച്ചിരുന്നു. സത്യന്ധമായും സുതാര്യമായും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു. കയ്യേറി മതിൽ കെട്ടിയെന്നാണ് പറയുന്നത്. എന്നാൽ തൻ്റെ ഭൂമിക്ക് ഒരിടത്തും ചുറ്റുമതിലില്ല എന്നാണ് കുഴൽനാടൻ വ്യക്തമാക്കുന്നത്. മുമ്പുണ്ടായിരുന്ന കൽകെട്ട് ഇടിഞ്ഞപ്പോൾ ബലപ്പെടുത്തുക മാത്രമാണ് ചെയ്തത്. കെട്ടിടം അപകടാവസ്ഥയിലായ സാഹചര്യത്തില്‍ മതിൽ ബലപ്പെടുത്തി. ഒരു ഭാഗം കോൺക്രീറ്റ് ചെയ്തുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
കീഴ്ക്കാംതൂക്കായ സ്ഥലം അളക്കുമ്പോൾ അധികം ഉണ്ടാകും. അത് വിരിവ് എന്നാണ് പറയുന്നത്. 50 ഏക്കർ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ല. ഭീഷണിപ്പെടുത്താൻ നോക്കേണ്ട. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. മുന്നോട്ട് വച്ച കാല് പിന്നോട്ട് വയ്ക്കില്ല. നിയമപരമായ കാര്യങ്ങളോട് സഹകരിക്കുമെന്നും കുഴൽനാടൻ വ്യക്തമാക്കി.
സ്ഥാനാർത്ഥിയായ സമയത്ത് വേഗത്തിൽ രജിസ്ട്രേഷൻ നടത്തിയെന്നും അതിനാൽ അളന്നില്ലെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാണിച്ചു. നാമനിർദ്ദേശ പത്രികയിൽ ഈ വസ്തു കാണിക്കാനാണ് വേഗത്തിൽ നടത്തിയത്. താൻ ഭൂമി കയ്യേറിയെന്നത് ജനം വിലയിരുത്തട്ടെയെന്നും കുഴൽനാടൻ വ്യക്തമാക്കി. സംരക്ഷണ ഭിത്തി കെട്ടിയതിനെയാണ് കയ്യേറിയെന്ന് പറയുന്നത്. നിജസ്ഥിതി സർട്ടിഫിക്കറ്റ് സർക്കാർ നൽകിയിട്ടുണ്ട്. അതിന് ശേഷമാണ് സ്ഥലം വാങ്ങിയത്. മിച്ച ഭൂമിയാണെങ്കിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകില്ല. വിജിലൻസ് കേസ് വന്നതിന് ശേഷമാണ് മിച്ചഭൂമി കേസ് ഉണ്ടെന്ന് അറിയുന്നതെന്നും ഫെയർ വാല്യൂ കുറച്ച് കാണിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
dfdfdfsdfs