പി പത്മരാജന്‍ ഓര്‍മയായിട്ട് 33 വര്‍ഷം.
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ പി പത്മരാജന്‍ ഓര്‍മയായിട്ട് 33 വര്‍ഷം. കാലത്തെ അതിജീവിച്ച് മലയാളിയുടെ ഹൃദയത്തില്‍ ഇടം പിടിച്ച ചലച്ചിത്രകാരനും തിരക്കഥാകൃത്തും സാഹിത്യകാരനുമാണ് പത്മരാജന്‍. കൈവെച്ച മേഖലകളിലെല്ലാം അനശ്വര സൃഷ്ടികള്‍ വിരിയിച്ചെടുത്ത അസാമാന്യ പ്രതിഭ. മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന കഥാകാരന്‍. ബന്ധങ്ങളുടെ സങ്കീര്‍ണതകളും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ജീവിതയാത്രയും തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച ചലച്ചിത്രകാരന്‍. മനുഷ്യന്റെ ഇരട്ട ജീവിതവും പ്രണയ വിരഹങ്ങളും അസ്തിത്വപ്രതിസന്ധിയുമൊക്കെയായിരുന്നു പത്മരാജന്റെ പ്രീയപ്പെട്ട പ്രമേയങ്ങള്‍. കലാപരമായും സൗന്ദര്യശാസ്ത്രപരമായും ഭാഷാപ്രയോഗങ്ങള്‍ കൊണ്ടും ഏറ്റവുമുയര്‍ന്ന് നില്‍ക്കുമ്പോഴും പത്മരാജന്റെ രചനകളും സിനിമയും സാധാരണക്കാര്‍ക്ക് പോലും ഏറെ ആസ്വാദ്യമാകുന്ന തരത്തിലായിരുന്നു.
വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല. ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട നല്‍കുക. മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ലോലയിലെ വരികളാണിത്. ശക്തമായ ഭാഷയും വായനക്കാരെ പിടിച്ചിരുത്തുന്ന ഒഴുക്കും പത്മരാജന്‍ കഥകളുടെ പ്രത്യേകതയായിരുന്നു. ലോലയും നക്ഷത്രങ്ങളേ കാവലും ഋതുഭേദങ്ങളും പാരിതോഷികം തുടങ്ങി എത്രയെത്ര രചനകള്‍. ശാലിനി എന്റെ കൂട്ടുകാരി , ലോറി, രതിനിര്‍വേദം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. തൂവാനത്തുമ്പികള്‍, കള്ളന്‍ പവിത്രന്‍, നൊമ്പരത്തിപ്പൂവ്, ഞാന്‍ ഗന്ധര്‍വന്‍, ഇന്നലെ പകരം വക്കാനില്ലാത്ത എത്രയെത്ര കഥാപാത്രങ്ങളെയാണ് പത്മരാജന്‍ ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ചത്. പാതിയില്‍ നിലച്ചുപോയ ഹൃദയഹാരിയായ പാട്ട് പോലെ നാല്‍പ്പത്തി ആറാം വയസ്സില്‍ വിടവാങ്ങിയെങ്കിലും കഥകളിലൂടെ കഥാപാത്രങ്ങളിലൂടെ ആ ഗന്ധര്‍വ്വസാന്നിധ്യം നമ്മള്‍ അനുഭവിക്കുന്നു.
adsadsadsadsads