വെറ്ററിനറി സർവകാലാശാലക്കുള്ള ഭൂമി കൈമാറ്റം; മന്ത്രിസഭാ യോഗത്തില്‍ തർക്കം
വെറ്ററിനറി സർവകാലാശാലക്ക് ഭൂമി കൈമാറുന്നതിനെ ചൊല്ലി മന്ത്രിസഭായോഗത്തിൽ തർക്കിച്ച് സിപിഐ മന്ത്രിമാർ. കാർഷിക സർവകലാശാലയിൽ നിന്ന് 90 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ പാർട്ടി മന്ത്രിമാർ തമ്മിലുളള ഭിന്നതയുടെ വേദിയാക്കിയത്. വകുപ്പിനോട് ആലോചിക്കാതെയാണ് ഭൂമി ഏറ്റെടുക്കൽ നിർദ്ദേശം മന്ത്രി സഭയിൽ വെച്ചതെന്ന് കൃഷി മന്ത്രി നിലപാടെടുത്തു. ഇതോടെ വിഷയം അജണ്ടയിൽ നിന്ന് പിൻവലിക്കാൻ മൃഗസംരക്ഷണ മന്ത്രി നിർബന്ധിതയാകുകയായിരുന്നു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സിപിഐ മന്ത്രിമാർ തമ്മിൽ തർക്കിച്ചത്. കാർഷിക സർവകലാശാലയുടെ കൈവശം ഇരിക്കുന്ന മണ്ണൂത്തിയിലെ 90 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ അസാധാരണ സംഭവത്തിന് സാക്ഷിയാക്കി മാറ്റിയത്. വെറ്ററിനറി സർവകലാശാലാ രൂപീകരണ സമയത്തെ പ്രഖ്യാപനം പ്രാവർത്തികമാക്കുക ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുക്കൽ വിഷയം മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി മന്ത്രിസഭാ യോഗത്തിൻെറ പരിഗണനയ്ക്ക് എത്തിച്ചത്. ഭൂമി കൈവശം വെച്ചിരിക്കുന്ന കൃഷിവകുപ്പുമായോ ഭൂമി സംബന്ധിച്ച കാര്യങ്ങളുടെ ചുമതലക്കാരായ റവന്യു വകുപ്പിനോടോ ആലോചിക്കാതെ ആയിരുന്നു നീക്കം. മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി.
ചർച്ച ഉണ്ടായിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജനും അറിയിച്ചതോടെ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഒറ്റപ്പെട്ടു. ഭൂമി വിട്ടുകൊടുക്കാൻ വകുപ്പിന് താൽപര്യമില്ലെന്ന് കൂടി കൃഷിമന്ത്രി നിലപാട് എടുത്തതോടെ ഒരു നിലയ്ക്കും തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഒരു പാർട്ടിയിലെ മന്ത്രിമാർ പരസ്പരം തർക്കിക്കുന്ന അസാധാരണ കാഴ്ച കണ്ട് സ്തബ്ധരായ മറ്റ് മന്ത്രിമാർ എല്ലാത്തിനും കാഴ്ചക്കാരായിരുന്നു. നേരത്തെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ചർച്ച ചെയ്ത വിഷയത്തിൽ കൂടിയാലോചന വേണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി മധ്യസ്ഥനായി. ഇതോടെ അജണ്ട തന്നെ പിൻവലിക്കുന്നതായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു.
FDDFGDFDFDF