ശതാഭിഷേക നിറവിൽ ഗാനഗന്ധർവൻ


ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ഗന്ധർവ ഗായകന് ഇന്ന് ശതാഭിഷേകം. സാർത്ഥകമായ എൺപത്തിനാല് വർഷങ്ങൾ. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84 ആം ജന്മദിന ആഘോഷം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ഗാനഗന്ധർവ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയിൽ ഓൺലൈനായി യേശുദാസ് പങ്കെടുത്തേക്കും.

നമ്മുടെയെല്ലാം ജീവിതത്തിലേക്ക് ആ ഗന്ധർവ്വ സംഗീതമൊഴുകിയെത്തിയിട്ട് ആറുപതിറ്റാണ്ടിലേറെയായി. 84ന്റെ നിറവിലും മാറ്റ് കൂടുന്നതേയുള്ളൂ ആ അഭൗമശബ്ദത്തിന്. നാദബ്രഹ്മത്തിൻറെ സാഗരം നീന്തിയെത്തിയ മഹാസംഗീതധാര. മലയാളി കാലങ്ങളായി ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം ആ ശബ്ദം കേട്ട്. നമ്മുടെ പ്രണയത്തിലും സന്തോഷത്തിലും വിരഹത്തിലും വേദനയിലുമെല്ലാം ഒപ്പമുണ്ട് ആ ശബ്ദം. മനുഷ്യർ മാത്രമല്ല ഈശ്വരന്മാർക്കും ഉറങ്ങാൻ വേണം ഗന്ധർവ്വ സ്വരമാധുരി.

ഇല്ലായ്മകളുടേയും കഷ്ടപ്പാടുകളുടേയും ലോകത്താണ് യേശുദാസിന്റെ പിറവി. 1940 ജനുവരി പത്തിന് ഫോർട്ടുകൊച്ചിയിൽ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും ഏഴു മക്കളിൽ രണ്ടാമൻ. അച്ഛനാണ് ശുദ്ധസംഗീതത്തിന്റെ വഴിയെ യേശുദാസിനെ കൈപിടിച്ചു നടത്തിയത്. എട്ടാം വയസ്സിൽ കൊച്ചിൻ നേവൽ ബേസിലെ സംഗീതമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് അച്ഛൻ പഠിപ്പിച്ച ഗാന്ധികീർത്തനവുമായാണ്. പതിനൊന്നു വയസ്സിൽ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം.

മുഹമ്മദ് റഫിയുടെ പാട്ടുകളോടായിരുന്നു ചെറുപ്പത്തിൽ യേശുദാസിന്റെ ആരാധന. സ്‌കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിൽ ഒന്നാം സ്ഥാനം നേടിയ യേശുദാസിന്റെ സംഗീതപഠനം തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളെജിലായിരുന്നു. ‘മാപ്പിളയ്‌ക്കെന്ത്് സംഗീതം’ എന്ന് പുച്ഛിച്ച അധ്യാപകനോടുള്ള വാശിയാണ് കുട്ടിക്കാലത്ത് സംഗീതം വശത്താക്കാൻ പ്രേരണയായതെന്നും ആകാശവാണിയിലെ ഓഡിഷനിൽ തഴയപ്പെട്ടത് വാശിയോടെ മത്സരിക്കാൻ പ്രചോദനമായെന്നും പിൽക്കാലത്ത് യേശുദാസ് പറഞ്ഞിട്ടുണ്ട്.

article-image

fdsdfsdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed