രാമന് പകരം ഹനുമാനെ വെച്ചാൽ ബിജെപിക്ക് ബദലാകുമോ'; കോൺഗ്രസിനെ വിമർശിച്ച് എം വി ഗോവിന്ദൻ


തിരുവനന്തപുരം: ബിജെപിക്ക് ബദലായ നയം മുന്നോട്ട് വയ്ക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബദൽ രാഷ്ട്രീയം ഇല്ലാതെ ബിജെപിയെ നേരിടാനാവില്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ബിജെപിയുമായി ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് തോറ്റു. തെലങ്കാനയിൽ എംഎൽഎമാരെ സംരക്ഷിച്ച് നിർത്താൻ ആകുമോയെന്ന് കണ്ടറിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ട് വെയ്ക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തിയ എം വി ഗോവിന്ദൻ മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ എതിരിടാനാകുമോയെന്നും ചോദിച്ചു. രാമന് പകരം ഹനുമാനെ വെച്ചാൽ ബിജെപിക്ക് ബദലാകുമോ എന്ന വിമർശനവും എം വി ഗോവിന്ദൻ ഉന്നയിച്ചു. കോൺഗ്രസിനകത്തും ഐക്യമില്ല. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം തിരഞ്ഞെടുപ്പ് ഫലം തുറന്ന് കാട്ടിയെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഇന്ത്യാ മുന്നണിയുടെ നേതൃത്വം പോലും വഹിക്കാനാകാത്ത തരത്തിലേക്ക് കോൺഗ്രസ് തകർന്നു. ബിജെപിയെ തോൽപ്പിക്കാൻ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കണക്കാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

യുപിയിൽ ഒരു സീറ്റും ജയിക്കാത്തത് കൊണ്ടല്ലേ വയനാട്ടിൽ വന്ന് മത്സരിക്കുന്നതെന്ന് ചോദിച്ച എം വി ഗോവിന്ദൻ രാഹുൽ ഗാന്ധി ഇവിടെയല്ല മത്സരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് എതിരെയല്ല മത്സരിക്കേണ്ടത്. അങ്ങനെ ചെയ്യരുതെന്ന് അപേക്ഷിക്കാനൊന്നും ഇല്ല. സാമാന്യ മര്യാദ ഉള്ളവർക്ക് എല്ലാം അറിയാം ഇവിടെയല്ല മത്സരിക്കേണ്ടതെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.
കേരളത്തിൽ യുഡിഎഫിൻ്റെ നട്ടെല്ല് ലീഗാണ്. ലീഗില്ലാത്ത കോൺഗ്രസിനെ കുറിച്ച് ആലോചിക്കാനാവുമോയെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ലീഗിനെ എല്‍ഡിഎഫിലേക്ക് കൊണ്ടു വരുന്നത് അജണ്ടയിലേയില്ലെന്ന് വ്യക്തമാക്കിയ എം വി ഗോവിന്ദൻ പൊതു പ്രശ്നങ്ങളിൽ ഒരുമിക്കണമെന്ന് പറയുന്നത് സഖ്യത്തിനല്ലെന്നും ചൂണ്ടിക്കാണിച്ചു.

article-image

asdadsxadsadsads

You might also like

Most Viewed