ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് എഡിജിപി


ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് എഡിജിപി എം.ആർ. അജിത്കുമാർ. പോലീസിന്‍റെ പ്രാഥമിക ആവശ്യം എത്രയും പെട്ടെന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും ആദ്യദിവസം തന്നെ കിട്ടിയ ഒരു സുപ്രധാന ക്ലൂവിൽ നിന്നാണ് ഈ കേസ് തെളിയിക്കാനായി സാധിച്ചതെന്നും എഡിജിപി പറഞ്ഞു. ഈ കേസിലെ പ്രതി കൊല്ലം ജില്ലക്കാരനാണെന്നും പരിസരം പരിചയമുള്ളവരാണെന്നും ആദ്യ ക്ലൂവിൽ നിന്നുതന്നെ വ്യക്തമായിരുന്നു. അതിൽ നിന്നാണ് കേസ് അന്വേഷണം വികസിപ്പിച്ചത്. വളരെ നന്നായി പദ്ധതിയിട്ട്, പോലീസ് ഏതൊക്കെ രീതിയിൽ നീങ്ങുമെന്ന് മനസിലാക്കി പ്രതികൾ നടത്തിയ കുറ്റകൃത്യമാണിത്. പോലീസിന് ലഭിച്ച വിവരങ്ങൾ, സൈബർ അനാലിസിസ്, പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച കാര്യങ്ങൾ എന്നിവ ക്രോഡീകരിച്ച് നിരന്തരമായി നടത്തിയ അന്വേഷണത്തിന്‍റെ ഫലമായാണ് കേസ് തെളിയിക്കാനായതെന്നും അജിത്കുമാർ പറഞ്ഞു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. 

കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ പത്മകുമാർ വിവിധ ബിസിനസുകൾ ചെയ്തിരുന്നു. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക ബാധ്യതയിലായ പത്മകുമാർ ഒരുവർഷമായി എങ്ങനെ പണമുണ്ടാക്കാമെന്ന ആലോചനയിലായിരുന്നു. ഒരുവർഷം മുമ്പുതന്നെ ഇത്തരം കുറ്റകൃത്യം നടത്താൻ കുടുംബം പദ്ധതിയിട്ടു. അതിനായി ഒരുവർഷം മുമ്പ് ഒരു വ്യാജനമ്പർ പ്ലേറ്റ് ഉണ്ടാക്കിയിരുന്നു. എന്നാൽ പദ്ധതി എന്തുകൊണ്ടോ പിന്നീട് ഉപേക്ഷിച്ചു. എന്നാൽ ഒന്നരമാസം മുൻപ് പദ്ധതി വീണ്ടും ആലോചിച്ചു തുടങ്ങിയതോടെ വ്യാജ നമ്പർപ്ലേറ്റ് വീണ്ടും നിർമിച്ചു. സ്ഥിരമായി കാറെടുത്ത് പല സ്ഥലങ്ങളിലും യാത്ര ചെയ്ത് തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയാണ് പ്രതികൾ പദ്ധതി നടപ്പാക്കിയത്. സംഭവത്തിന് ഒരാഴ്ച മുമ്പ് രണ്ട് കുട്ടികളും വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് പോകുന്നത് കണ്ടു. ഈ കുട്ടികളെ തട്ടിക്കൊണ്ടുപോകാമെന്ന് ഉറപ്പിച്ചു. വീണ്ടും രണ്ടുമൂന്നു തവണ സ്ഥലത്ത് വന്ന് നിരീക്ഷിച്ചു. ഒരുതവണ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും കുട്ടികളെ ട്യൂഷൻ‌ സെന്‍ററിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുപോയി. മറ്റൊരു തവണ അമ്മൂമ്മ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതിനാൽ നടക്കാതെ പോയി. സംഭവ ദിവസം 4.15 ഓടെ പ്രതികൾ സ്ഥലത്തെത്തി കുട്ടികൾ വരുന്നതും കാത്തിരുന്നു. കുട്ടികൾ അടുത്തെത്തിയപ്പോൾ പെൺകുട്ടിയെ കാറിൽ വലിച്ചുകയറ്റി. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ, അദ്ദേഹമൊരു ഹീറോയാണ്. അയാളാണ് ആദ്യമായി കുറ്റകൃത്യം പ്രതിരോധിക്കാൻ ശ്രമിച്ചത്. പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിരോധമാണ് സഹോദരന്‍റെ ഭാഗത്തുനിന്നുണ്ടായത്. കുട്ടി നന്നായി പോരാടി ഒടുവിൽ പുറത്തേക്ക് വീണു. പെൺകുട്ടിയെയും കൊണ്ട് പ്രതികൾ പോയി. വണ്ടിയിൽ ക‍യറ്റിയ ശേഷം പെൺകുട്ടിയും പ്രതിരോധം നടത്തി. കുട്ടി കരഞ്ഞതോടെ വാ പൊത്തിപ്പിടിച്ചു. അച്ഛന്‍റെയടുത്ത് കൊണ്ടുപോകുകയാണെന്നു പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു, മടിയിൽ കിടത്തി. കുറച്ചുകഴിഞ്ഞ് ഒരു ഗുളിക കൊടുത്തപ്പോൾ കുട്ടി ശാന്തമായി. 

പിന്നീട് പലസ്ഥലങ്ങളിലും കൊണ്ടുപോയി. കുട്ടിയെ വീട്ടിലെത്തിച്ച ശേഷം അമ്മയുടെ നമ്പർ വാങ്ങി ദമ്പതികൾ പാരിപ്പള്ളിയിലേക്ക് പോയി. അവിടെനിന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങി, കടയുടമയുടെ ഫോൺ വാങ്ങി അമ്മയെ വിളിച്ചു. ആ ശബ്ദരേഖയായിരുന്നു പോലീസിനു ലഭിച്ച നിർ‌ണായക ക്ലൂ.  തിരികെ വീട്ടിൽ‌ ചെന്നപ്പോൾ സംഭവം വലിയ വാർത്തയായെന്ന് മനസിലായി. ഗത്യന്തരമില്ലാതെ കുട്ടിയെ തിരികെവിടാൻ തീരുമാനിച്ചു. രാവിലെ പത്തോടെ കുട്ടിയെ ഉപേക്ഷിക്കുമെന്നാണ് പോലീസ് പ്രതീക്ഷിച്ചത്. എന്നാൽ 11 ഓടെ അവർ കൊല്ലം കെഎസ്ആർടിസി സ്റ്റേഷനു സമീപമെത്തി, പിന്നീട് അവിടുന്ന് ആശ്രാമം മൈതാനത്ത് എത്തി. കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉള്ളതിനാൽ അത് നടന്നില്ല. പിന്നീട് പ്രതികൾ വീണ്ടും കുട്ടിയുമായി തിരിച്ചുവന്ന് വാഹനം ലിങ്ക് റോഡിൽ പാർക്ക് ചെയ്തു. പിന്നീട് അനിതാകുമാരി ഓട്ടോറിക്ഷ പിടിച്ച് കുട്ടിയെയും കൊണ്ട് അശ്വതി ബാറിന്‍റെ എതിർവശത്തുള്ള ബെഞ്ചിൽ ഇരുത്തി. ഭർത്താവ് പത്മകുമാർ ഈസമയം മറ്റൊരു ഓട്ടോറിക്ഷയിൽ പിന്നാലെ വന്നിരുന്നു. അച്ഛൻ വരുമെന്ന് പറഞ്ഞ് കുട്ടിയെ അവിടെയിരുത്തി അനിതാകുമാരി മടങ്ങുകയായിരുന്നു. കുട്ടിയെ സുരക്ഷിതമായി വിടണമെന്നുള്ളതുകൊണ്ട് കോളജ് വിദ്യാർഥികൾ കുട്ടിയെ കണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് പ്രതികൾ സ്ഥലംവിട്ടത്. ഇവർ അവിടുന്ന് പുറത്തിറങ്ങി വീണ്ടും ഓട്ടോറിക്ഷ പിടിച്ച് ബിഷപ് ജെറോം നഗറിൽ പോയി. അവിടെ അനിതകുമാരിയെ വിട്ടിട്ട് പത്മകുമാർ തിരിച്ച് ലിങ്ക് റോഡിൽ വന്ന് കാറെടുത്ത് ചെന്ന് ഭാര്യയെ കൂട്ടി. മകൾ അനുപമയും ഒപ്പമുണ്ടായിരുന്നു. ഈ യാത്രയിലൊന്നും ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ചില്ല. തിരിച്ചു വീട്ടിൽ ചെന്ന ശേഷം ഇവർ തത്കാലത്തേക്ക് മാറിനില്ക്കാൻ തീരുമാനിച്ചു. പത്മകുമാറിന് തെങ്കാശിയിൽ പാട്ടത്തിന് സ്ഥലമുണ്ടായിരുന്നു. അതിനാൽ തെങ്കാശിയിൽ വന്ന് മുറിയെടുത്തു. സ്ഥലത്തിന്‍റെ ഉടമയെ കാത്ത് ഹോട്ടലിൽ ഇരുന്നപ്പോഴാണ് പോലീസിന്‍റെ പിടിയിലായതെന്നും എഡിജിപി പറഞ്ഞു.

article-image

sdfsfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed