കേരളത്തിന്റെ ക്ഷേമ പെന്ഷന് വിഹിതം മൂന്നര വര്‍ഷം പിടിച്ചു വച്ചു; നിര്‍മല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ചിട്ട് കേരളത്തിലെത്തിയപ്പോള്‍ അതെല്ലാം മറച്ചുവച്ച് ന്യായീകരിക്കുന്ന നടപടിയാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് ധനമന്ത്രി നടത്തിയത്. ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. മൂന്നര വര്‍ഷം കേരളത്തിന് കിട്ടേണ്ട ക്ഷേമ പെന്ഷന് വിഹിതം കേന്ദ്രം പിടിച്ചുവച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് 34714 കോടി ഗ്രാന്‍റ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ല, കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്‍റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വര്‍ഷത്തില്‍ റവന്യൂ കമ്മി ഗ്രാന്‍റ് ഇനത്തില്‍ കേരളത്തില്‍ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്ന നികുതി വിഹിതം കുറഞ്ഞു വരികയാണ്. കേരളത്തിന് ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുജിസി ഗ്രാന്‍റ് ഇനത്തില്‍ സംസ്ഥാനം കൊടുത്ത് തീര്‍ത്ത തുകയാണ് കേന്ദ്രം വൈകി തന്നത്. വിമര്‍ശനം രൂക്ഷമായതോടെയാണ് പണം തന്നത്. സമയാസമയങ്ങളില്‍ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം എടുക്കുന്നത്. ഇക്കാര്യങ്ങളില്‍ ധനമന്ത്രി ഒരു വിശദീകരണവും നല്‍കുന്നില്ല. മന്ത്രി പറയുന്ന കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര ഫണ്ട് സംബന്ധിച്ച് കേരളത്തില്‍ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്ന് നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിധവ, വാര്‍ധക്യകാല പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക കേന്ദ്രം നല്‍കുന്നില്ലെന്നാണ് സംസ്ഥാനത്ത് നടക്കുന്ന പ്രചാരണം. എന്നാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യമായി ഈ തുക നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബര്‍ വരെ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും തുക നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കേന്ദ്രവിഹിതം സംബന്ധിച്ച് കൃത്യമായ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ രണ്ട് തവണ ധനവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഇത് നല്കാന് തയാറായില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ASsaasasas