കുമ്മനടി’ പ്രയോഗത്തിനെതിരെ സുരേന്ദ്രൻ: മാധ്യമപ്രവർത്തകർ വെറും പോരാളി ഷാജിമാർ ആകരുത്


കോഴിക്കോട്: ചാനൽചർച്ചയിൽ ‘കുമ്മനടി’ എന്ന വാക്കുപയോഗിച്ച മാധ്യമപ്രവർത്തകനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇത്തരം തറ ട്രോളുകൾ മാധ്യമപ്രവർത്തകർ വിളമ്പുകയും അത് പിന്നീട് പോസ്റ്ററായി അടിച്ചിറക്കുകയും ചെയ്യുന്നത് ശുദ്ധ പോക്രിത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ എഡിറ്റേർസ് ചർച്ചക്കിടെ മാധ്യമപ്രവർത്തകനായ അരുൺകുമാർ നടത്തിയ പരിഹാസമാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്. ‘കുമ്മനടിച്ച് കേറുന്ന വൃദ്ധ ദാസൻമാരുടെ പടുകൂറ്റൻ ബംഗ്ലാവുകളായി രാജ്ഭവൻ മാറിയിട്ട് കാലമേറെയായി’ എന്നായിരുന്നു അരുണിന്റെ പരാമർശം. ഈ പ്രസ്താവന തലക്കെട്ടാക്കി ചാനൽ പ്രസ്തുത വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് സുരേന്ദ്രൻ വിമർശനമുന്നയിച്ചത്.

ഉത്തരവാദപ്പെട്ട മാധ്യമങ്ങളുടെ അന്തസ്സിനു ചേർന്ന പണിയല്ലിതെന്ന് പറയാതെ നിർവാഹമില്ല. അത്തരക്കാരെ മാധ്യമപ്രവർത്തകരായി കാണാനാവില്ല. വെറും പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് മാധ്യമപ്രവർത്തകർ തരംതാഴരുത്. ഉള്ളിലുള്ള തറ കമ്മിത്തരം വീട്ടിൽവെച്ചിട്ടുവേണം ഈ പണിക്കിറങ്ങാൻ..’ -സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ക്ഷണിക്കാതെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനെ പരിഹാസപൂർവം സൂചിപ്പിക്കാനാണ് ‘കുമ്മനടി’ എന്ന വാക്ക് സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്. കൊച്ചി മെട്രോയുടെ ഉദ്‌ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മെട്രോ യാത്രയിൽ കേരളാ ഗവർണർക്കും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനും മുഖ്യമന്ത്രി പിണറായി വിജയനും മെട്രോമാൻ ശ്രീധരനും ഒപ്പം കുമ്മനം രാജശേഖരനും യാത്ര ചെയ്തിരുന്നു. ക്ഷണിക്കാതെയാണ് കുമ്മനം മെട്രോയിൽ കയറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കുമ്മനടി’ എന്ന പദപ്രയോഗം രൂപപ്പെടുത്തിയത്. ഇത് തുടക്കം മുതൽ വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.

 

article-image

qwqwqwqwqwqw

You might also like

Most Viewed