റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത് പ്രതികാരനടപടിയല്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത് പ്രതികാരനടപടിയല്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിയമം എല്ലാവരും പാലിക്കണമെന്നും മന്ത്രി കാസർഗോട്ട് പറഞ്ഞു. നവകേരള സദസിന്‍റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്നത് ഒരു പാവം ബസ് ആണെന്നും കൊലക്കേസ് പ്രതിയെ കാണുന്നതുപോലെ അതിനെ കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഫ്രിഡ്‌ജോ ഓവനോ കിടപ്പു മുറിയോ ബസിൽ ഇല്ല. ആകെയുള്ളത് ശുചിമുറിയും ബസിൽ കയറാൻ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റോബിൻ ബസിനെ വഴിയിൽ തടഞ്ഞുള്ള പരിശോധന തുടരുകയാണ്. പുറപ്പെട്ട ശേഷം നാലു തവണയാണ് ഇതുവരെ ബസ് തടഞ്ഞത്. പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് എന്നിവിടങ്ങളിലെത്തിയപ്പോഴാണ് എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. പരിശോധന നടത്തിയ ശേഷം പിഴയീടാക്കിയാണ് ബസ് വിടുന്നത്.
വഴിനീളെ നിരവധിപ്പേരാണ് റോബിൻ ബസിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. തൊടുപുഴയിലെത്തിയ ബസിന് ബസ് സ്റ്റാൻഡിൽ വൻ സ്വീകരണമാണ് നല്കിയത്. മുന്‍പ് രണ്ടുതവണ എംവിഡി പിടികൂടിയ ബസ് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് റോഡിലിറങ്ങുന്നതെന്ന് ബസുടമ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്‌റ്റേജ് കാര്യേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കും.
zxcz