നവകേരള സദസ്സ്; ആഡംബര ബസ്സിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്
നവകേരള സദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനുള്ള ആഢംബര ബസിന് പ്രത്യേക ഇളവുകളുമായി സർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ ബസിനെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഭാരത് ബെന്‍സ് നിർമിച്ച ബസിൽ മുഖ്യമന്ത്രിയ്ക്ക് ഇരിക്കുന്നതിനായി വച്ച കസേര ചൈനയിൽ നിന്നും എത്തിച്ചതാണെന്ന് റിപ്പോർട്ട്. ഇത് വരാന്‍ ഒന്നരമാസം സമയമെടുത്തെന്നും അതിനാലാണ് ബസിറക്കാന്‍ വൈകിയതെന്നും റിപ്പോർട്ടിലുണ്ട്. ബസിനുള്ളിലേക്ക് ആളെ എത്തിക്കുന്ന ഓട്ടോമാറ്റിക്ക് ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബസിലേക്ക് തന്നെ മടക്കിവെക്കുന്ന വിധത്തിലുള്ള ചെറുലിഫ്റ്റാണിതെന്നാണ് സൂചന. യാത്രക്കാർക്ക് പടികയറി ബുദ്ധിമുട്ടേണ്ടതില്ലെന്ന് ചുരുക്കം. കോണ്‍ട്രാക്ട് ക്യാരേജ് ബസുകൾക്കായുള്ള നിയമത്തിൽ ഭേദഗതി വരുത്തികൊണ്ടാണ് സർക്കാർ ബസിനായി പ്രത്യേക ഉത്തരവിറക്കിയത്. നവകേരള സദസിനുള്ള ആഡംബര ബസിന്റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തിൽ നൽകിയിരുന്നു.
ഈ ബസിനുവേണ്ടി മാത്രമായി കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയെന്ന് വിജ്ഞാപനത്തിലുണ്ട്. ഇതിനുപുറമെ വാഹനം നിർത്തുമ്പോൾ പുറത്തുനിന്നും വൈദ്യുതി നൽകാനും അനുമതിയുണ്ട്. നവകേരള സദസിനുവേണ്ടിയിറക്കിയ ആഢംബര ബസിനു മാത്രമായിരിക്കും ഇളവുകൾ ബാധകമായിരിക്കുക. കെഎസ്ആർടിസി എംഡിയുടെ ശിപാർശയിലാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. വിവിഐപികൾക്കുള്ള ബസിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവെന്നാണ് ഉത്തരവിൽ പറയുന്നത്. സർക്കാർ ആവശ്യപ്പെടുമ്പോൾ വാഹനം വിൽക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
fgdf