ജീവിത ശൈലീ രോഗങ്ങൾക്കെതിരെ 'ജീവം' പദ്ധതിയുമായി ലയൺസ് ക്ലബ്; ഉദ്ഘാടനം നവംബർ 14 ന് ചിന്മയ വിദ്യാലയത്തിൽ


കാസർഗോഡ്


ജീവിത ശൈലീ രോഗങ്ങൾക്കെതിരെ അവബോധവുമായി ലയൺസ് ഡിസ്ട്രിക്ട് 318 ഇ നടപ്പാക്കുന്ന 'ജീവം' പദ്ധതിയുടെ ഉദ്ഘാടനം ശിശു ദിനവും ലോക പ്രമേഹദിനവുമായ നവംബർ 14 ന് രാവിലെ ഒമ്പത് മണിക്ക് കാസർകോട് ചിൻമയ വിദ്യാലയത്തിൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഡിസ്ട്രിക്ടിന്റെ പരിധിയിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മാഹി ജില്ലകളിലെ സ്കൂൾ കുട്ടികളെ ശാസ്ത്രീയ വ്യായാമ മുറകൾ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഒരു ലക്ഷം കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കും. ഡയബറ്റിസില്ലാത്ത പുതു തലമുറ, ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള അവബോധം, മൊബൈലിൽ നിന്നും മൊബിലിറ്റിയിലേക്ക് തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.

ചന്ദ്രഗിരി ലയൺസ് ക്ലബിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന പരിപാടിയിൽ ലയൺസ് ഗവർണർ ടി കെ രജീഷ്, കാബിനറ്റ് സെക്രടറി ശ്രീനിവാസപൈ, ട്രഷറർ അനൂപ് കേളോത്ത്, ജില്ലാ സെക്രടറി അഡ്വ കെ വിനോദ് കുമാർ, വി വേണുഗോപാൽ, ശരീഫ് കാപ്പിൽ എന്നിവർ സംസാരിക്കും. ഡയബറ്റോളജിസ്റ്റ് എം വി പ്രസാദ് കേണിച്ചിറ, സൂമ്പ പരിശീലക മിനി പി നായർ എന്നിവർ പരിപാടി നയിക്കും.

വൈകിട്ട് അഞ്ചിന് ബേക്കൽ റെഡ് മൂൺ ബീച് ഹോളിൽ 'ജീവം കുടുംബയോഗം' രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. ഉദുമ എം എൽ എ അഡ്വ. സി എച് കുഞ്ഞമ്പു മുഖ്യാതിഥിയാവും. വാർത്താസമ്മേളനത്തിൽ വി വേണുഗോപാൽ, അഡ്വ കെ വിനോദ് കുമാർ, ശരീഫ് കാപ്പിൽ, ഡോ. ആബിദ് നാലപ്പാട്, സി എൽ റശീദ്, എം എം നൗശാദ്, സുനൈഫ്, ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

You might also like

Most Viewed