എൽഡിഎഫ് സർക്കാരിനെതിരേ യുഡിഎഫിന്‍റെ ആഭിമുഖ്യത്തിലുള്ള സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു


എൽഡിഎഫ് സർക്കാരിനെതിരേ ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യം ഉയർത്തി യുഡിഎഫിന്‍റെ ആഭിമുഖ്യത്തിലുള്ള സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളും കോണ്‍ഗ്രസ്, യുഡിഎഫ് പ്രവർത്തകർ രാവിലെ ആറരയോടെ തന്നെ ഉപരോധിച്ചിരുന്നു. പ്രവർത്തകർ ഏജീസ്‌ ഓഫീസ്‌ മുതൽ സെക്രട്ടേറിയറ്റിന്‍റെ ആസാദ്‌ ഗേറ്റ് വരെ അണിനിരന്നിരിക്കുകയാണ്. മന്ത്രിമാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അകത്തേക്ക് കടക്കുന്നത് കന്‍റോണ്‍മെന്‍റ് ഗേറ്റിലൂടെയാണ്. സർക്കാരിന്‍റെ അഴിമതി, സഹകരണ ബാങ്ക് തട്ടിപ്പ്, വിലക്കയറ്റം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്‍റെ സമരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാവിലെ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ സെക്രട്ടേറിയറ്റ് ഉപരോധമാണ് ഇന്ന് നടക്കുന്നത്. 

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ, രമേശ് ചെന്നിത്തല, അഡ്വ. ബിന്ദു കൃഷ്ണ, യുഡിഎഫ് ഘടക കക്ഷി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്‍റ് പാലോട് രവി ഉൾപ്പെടെയുള്ള നേതാക്കൾ ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്. യുഡിഎഫിന്‍റെ ഉപരോധത്തെ തുടർന്ന് നഗരത്തിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എംജി റോഡിലും നഗരത്തിലെ വിവിധ റോഡുകളിലും ഗതാഗത ക്രമീകരണം പോലീസ് ഏർപ്പെടുത്തിയത് ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ ജംഗ്ഷനുകളിൽ മണിക്കൂറുകളോളം സമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ ഉപരോധത്തിൽ പങ്കെടുക്കുന്നത്. 

അതേസമയം ഉപരോധസമരത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നത്തെ മന്ത്രിസഭാ യോഗത്തിനും സുരക്ഷ കൂട്ടിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലേക്കുള്ള മൂന്നു ഗേറ്റുകളാണ് പ്രവർത്തകർ ഉപരോധിക്കുന്നത്. ഉപരോധ സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി ഉപരോധത്തിനു വരുന്ന വാഹനങ്ങൾ ആശാൻ സ്‌ക്വയറിൽ ആളെയിറക്കിയ ശേഷം ഈഞ്ചയ്ക്കൽ ബൈപാസ്‌ റോഡിൽ പാർക്ക് ചെയ്യണമെന്ന് നിർദേശമുണ്ട്. ദേശീയപാത വഴി വരുന്ന വാഹനങ്ങൾ ചാക്ക−പേട്ട വഴിയാണ് എംഎൽഎ ഹോസ്റ്റലിന് മുന്നിലെ ആശാൻ സ്‌ക്വയറിലെത്തേണ്ടത്. എംസി റോഡ്‌ വഴി വരുന്ന വാഹനങ്ങൾ വെഞ്ഞാറമൂട്‌− പോത്തൻകോട്‌ −വെട്ടുറോഡ്‌ കഴക്കൂട്ടം ബൈപാസ്‌ ചാക്ക− പേട്ട വഴിയാണ് ആശാൻ സ്‌ക്വയറിനു മുന്നിലെത്തേണ്ടതെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.

article-image

sdfsfgs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed