വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം പിആർ വർക്കാണോയെന്ന് സംശയം'; പിണറായി സർക്കാരിനെതിരെ വി മുരളീധരൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നടത്തിയെന്ന് വരുത്തി തീർക്കാനുള്ള സർക്കാർ ശ്രമം അപഹാസ്യകരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മദർഷിപ്പുകൾ വരാൻ ഇനിയും ഒരു വർഷമെങ്കിലും എടുക്കും. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പി ആർ വർക്ക് ആണോ ഇതെന്ന് സംശയിക്കുന്നു. നിർമ്മാണ സാമഗ്രികൾ കൊണ്ടുവന്ന കപ്പലിനാണ് വാട്ടർ സല്യൂട്ട് നൽകിയത്. കോടികൾ ചെലവാക്കിയാണ് ഉദ്ഘാടന സമ്മേളനം നടത്തിയതെന്നും വി മുരളീധരൻ ആരോപിച്ചു.
മനസില്ലാ മനസോടെയാണ് വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തത്. ഈ മാമാങ്കം എന്തിന് വേണ്ടിയായിയിരുന്നുവെന്ന് സർക്കാർ വിശദീകരിക്കണം. ഇന്നലെ ചില മന്ത്രിമാർ പ്രസംഗിച്ചു, നമ്മള് കാരണം ആണ് ഇത് സാധ്യമായതെന്ന്. വിഴിഞ്ഞം കരാർ ഒപ്പിട്ട ആദ്യ ദിവസം കടൽ കൊള്ള എന്നാണ് പാർട്ടി പത്രത്തിൽ തലക്കെട്ട് നൽകിയത്. അതേ കൂട്ടരാണ് ഇപ്പോൾ ഉത്തരവാദിത്തം തങ്ങൾക്കെന്ന് പറയുന്നത്. ലോക്സഭയിൽ അദാനിയെ ആക്രമിക്കുന്നവരാണ് ഇവിടെ അദ്ദേഹത്തെ പുകഴ്ത്തുന്നത്.
കരുണാകരനും എം വി രാഘവനും തുറമുഖത്തിനായി ശ്രമിച്ചു. എൻഡിഎ സർക്കാർ അധികാരത്തിൻ വന്നപ്പോഴാണ് പിന്നീട് പദ്ധതിക്ക് അനക്കം വെച്ചത്. ബിജെപി സംസ്ഥാന നേതാക്കൾ ഇതിനായി ശ്രമിച്ചു. പി ചിദംബരം വിഴിഞ്ഞം പദ്ധതിക്ക് തടസം നിന്നു. മോദിയെ തെറി വിളിക്കുന്നതിന് അദാനിയെ ഉപയോഗിക്കുന്നത് ശരിയല്ല. ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണ്. തുറമുഖ ഉദ്ഘാടന വേദിയിൽ വച്ച് എല്ലാം പറഞ്ഞ് അന്തരീക്ഷം വഷളാക്കണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്. തുറമുഖത്തിന്റെ പേരിൽ സർക്കാർ ഒരു അഭിനന്ദനവും അർഹിക്കുന്നില്ലെന്നും വി മുരളീധരൻ പറഞ്ഞു.
SADDSAADSADSAS