അക്ഷരമുത്തശ്ശി കാര്‍ത്ത്യായനി അമ്മക്ക് വിട


ശാസ്ത്രത്തെയും ലോകത്തെയും തന്‍റെ നിശ്ചയദാർഡ്യം കൊണ്ട് അമ്പരപ്പിച്ച മലയാളക്കരയുടെ അഭിമാനമായ കാർത്ത്യായനിയമ്മ ഇനി ചരിത്രം. തൊണ്ണൂറ്റിയാറാം വയസിൽ ലോകത്തിന് വിദ്യാഭ്യാസത്തിലൂടെ മാതൃകയായി മാറിയ നാരീശക്തി കാർത്ത്യായനിയമ്മ ലോകത്തോട് വിട പറയുമ്പോൾ ഏത് പ്രായത്തിലും പഠിക്കാമെന്നും ഉന്നത വിജയം കരസ്ഥമാക്കാമെന്നുമുള്ള വലിയ സന്ദേശം നൽകിയുള്ള മടക്ക യാത്രയായി ചരിത്രമതിനെ രേഖപ്പെടുത്തും.

ഹരിപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ കാർത്ത്യായനിയമ്മ (102) ചൊവ്വാഴ്ച രാത്രി 11.15 ഓടെയാണ് അന്തരിച്ചത്. വീട്ടിൽ വച്ചായിരുന്നു അന്ത്യം. 2018ൽ സാക്ഷരതാ മിഷന്‍റെ അക്ഷരലക്ഷം പദ്ധതിയിലെ പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടി മിന്നും വിജയം കരസ്ഥമാക്കിയാണ് കാർത്ത്യായനിയമ്മ ലോക ശ്രദ്ധയിൽ ഇടം പിടിക്കുന്നത്. പിന്നീട് 78 ശതമാനം മാർക്കോടെ നാലാം ക്ലാസ് തുല്യത പരീക്ഷയിൽ വിജയം നേടി. രാജ്യത്തിന്‍റെ നാരീശക്തി പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകി ആദരിച്ചിരുന്നു.

കാർത്ത്യായനിയമ്മയുടെ ജീവിതം പ്രശസ്ത ഷെഫായ വികാസ് ഖന്ന ഡോക്യുമെന്‍ററി ആക്കിയിട്ടുണ്ട്. “ബെയർഫൂട്ട് എംപ്രസ് “ എന്ന ഡോക്യുമെന്‍ററിയും ലോകശ്രദ്ധ നേടി. 2022 സെപ്തംബറിൽ ഏഴാംക്ലാസ് തുല്യതാ പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് പക്ഷാഘാതം കാർത്ത്യായനിയമ്മയെ തളർത്തിയത്. പിന്നീട് കിടക്കയിൽ കിടന്നും പഠനം പൂർത്തിയാക്കാൻ ശ്രമിച്ചിരുന്നതായി ചേപ്പാട് പഞ്ചായത്ത് സാക്ഷരതാ പ്രേരക് കെ.സതി പറയുന്നു. മരണക്കിടക്കയിൽ പോലും ഏഴാം ക്ലാസിലെ കദളിവനം എന്ന കവിത ആലപിക്കുമായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. കമ്പ്യൂട്ടർ വിദ്യാഭ്യാസവും നേടിയിരുന്നു. ഇന്‍റർനെറ്റിലൂടെയും പഠന വിഷയങ്ങൾ തിരയുകയും പഠിക്കുകയും ചെയ്യുന്ന കാർത്ത്യായനിയമ്മ യുവതയ്ക്ക് പോലും അത്ഭുതമായിരുന്നുവെന്ന് പ്രദേശവാസികൾ പോലും സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസ വകുപ്പ് ഒരു ലാപ്ടോപ്പും കാർത്ത്യായനിയമ്മയ്ക്ക് സമ്മാനിച്ചിരുന്നു. പത്താം ക്ലാസ് പാസാകണമെന്ന ആഗ്രഹം ബാക്കി വച്ചാണ് കാർത്ത്യായനിയമ്മ ജീവിതത്തോട് വിട പറഞ്ഞത്. സംസ്കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ കൃഷ്ണപിള്ള. മക്കൾ: പൊന്നമ്മ, അമ്മിണിയമ്മ, പരേതരായ ശങ്കരൻ കുട്ടി, രത്നമ്മ, മണി, മോഹനൻ. മരുമക്കൾ: പരേതരായ ഗോപിനാഥ പിള്ള, ജയചന്ദ്രൻ

article-image

aadsdsadsadsdads

You might also like

  • Lulu Exchange
  • Straight Forward

Most Viewed