പ്രതിഷേധ പരിപാടികൾ നടത്തുന്നതിന് 2,000 രൂപ കെട്ടിവയ്ക്കണം; ഉത്തരവിനെതിരെ സാംസ്കാരിക നായകർ രംഗത്ത്
പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുയോഗങ്ങൾ, പ്രതിഷേധ പരിപാടികൾ എന്നിവ നടത്തുന്നതിന് 2,000 രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവിനെതിരെ പ്രസ്താവനയുമായി സാംസ്കാരിക നായകർ. പ്രതിഷേധത്തിന് ചുങ്കം ചുമത്തി ജനങ്ങളെ സർക്കാർ ദ്രോഹിക്കുകയാണെന്ന് പ്രസ്താവനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാതയോരത്തെ പ്രകടനങ്ങൾ നിയന്ത്രിക്കുന്ന ഉത്തരവിനെതിരെ രംഗത്തെത്തിയ സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഈ നീക്കം ഞെട്ടിച്ചുവെന്നും സാംസ്കാരിക നായകർ പ്രതികരിച്ചു. എം.എൻ. കാരശേരി, ബി. രാജീവൻ, ജോയ് മാത്യു, കെ.കെ. രമ എംഎൽഎ, എൻ.പി. ചെക്കുട്ടി, യു.കെ. കുമാരൻ എന്നിവരടക്കമുള്ളവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
സാംസ്കാരിക നായകരുടെ കുറിപ്പിലെ പ്രധാന ഭാഗങ്ങൾ: ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ ആർക്കെങ്കിലും പ്രകടനം നടത്തണമെങ്കിൽ 2,000 രൂപ ഫീസായി നൽകി പോലീസിന്‍റെ അനുവാദം വാങ്ങണം. അങ്ങനെ പ്രകടനം നടത്താൻ എത്രപേർക്ക് കഴിയും? എത്ര സമര സംഘടനകൾക്ക് കഴിയും? ഇനി ഈ ഉത്തരവ് പ്രകാരം പ്രകടനമോ പൊതുയോഗമോ പ്രതിഷേധമോ നടത്താൻ ഒരുങ്ങുന്നവർ അത്രയും സമ്പന്നരാവണം. ജനാധിപത്യത്തെ അവഹേളിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണിത്. പാതയോരത്തെ പ്രകടനങ്ങൾ നിയന്ത്രിക്കാൻ ഉത്തരവുണ്ടായപ്പോൾ സുപ്രീം കോടതി വരെ കേസ് നടത്തിയ സിപിഎമ്മാണ് ഇപ്പോൾ ഇങ്ങനെയൊരു ഉത്തരവിറക്കാൻ നേതൃത്വം നൽകുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു. ജനദ്രോഹകരമായ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഭരണഘടന 19(1)എ നൽകുന്ന അവകാശത്തിന്‍റെ നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളത്. അതിനാൽ ദ്രോഹകരമായ ആ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ജനാധിപത്യത്തെ ആദരിക്കുന്ന മുഴുവൻ പേരുടെയും പ്രതിഷേധം ഉയരണം.
മംനിംവ