പുനഃസംഘടനയിൽ എൽ‍ജെഡിയും ആർഎസ്പിയും ഉണ്ടാകില്ല; സ്ഥിരീകരിച്ച് എൽഡിഎഫ്


തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയിൽ എൽ‍ജെഡിയും ആർഎസ്പി(ലെനിനിസ്റ്റ്)യും ഉണ്ടാകില്ലെന്ന് ഉറപ്പായി. എൽജെഡിക്കും ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടി എംഎൽഎ കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സ്ഥിരീകരിച്ചു. സംഭവിക്കാൻ ഉള്ളത് സംഭവിക്കുമെന്നും മറ്റ് കക്ഷികളുടെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

ആരോഗ്യ മന്ത്രി സാഹസികമായി പ്രവർത്തിക്കുന്നു എന്ന് ഇ പി ജയരാജൻ ഇന്ന് അഭിപ്രായപ്പെട്ടു. ആരോഗ്യ മന്ത്രി സ്ഥാനത്തു നിന്ന് വീണാ ജോർജ് മാറുമെന്നും അവരെ സ്പീക്കറാക്കുമെന്നും അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് എൽഡിഎഫ് കൺവീനറുടെ പരാമർശം. എൽഡിഎഫ് മണ്ഡല സദസ് നടത്തുന്നത് പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അല്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കുറ്റവാളികൾക്കെതിരായ നടപടിയെ എതിർക്കില്ല. തെറ്റ് ചെയ്തവരെ സർക്കാരോ മുന്നണിയോ സംരക്ഷിക്കില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടന ചർച്ച സജീവമായതോടെ എൽഡിഎഫിലെ ചെറു കക്ഷികളില്‍ മന്ത്രിസ്ഥാനം പങ്കിടൽ ഉൾപ്പെടെയുള്ള ചർച്ചകൾക്ക് തുടക്കമായിരുന്നു. ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാതെ ഇരുന്ന എൽ ജെ ഡി ഇത്തവണ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കുമെന്നും ഏക അംഗമായ കോവൂർ കുഞ്ഞുമോൻ ഇതിന് അവകാശവാദം ഉന്നയിച്ചെന്നും വിവരം പുറത്തുവന്നിരുന്നു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറിലുണ്ടാകുമെന്നാണ് വാർത്തകൾ പുറത്തുവന്നത്. എ എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റും. വീണാ ജോര്‍ജ്ജ് പകരം സ്പീക്കറായേക്കും. ഷംസീറിനെ മാറ്റുന്ന വിഷയത്തിൽ നിയമസഭാ സമ്മേളനത്തിനിടയിൽ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.

article-image

fgdfgfgfgdfggf

You might also like

  • Lulu Exchange
  • Straight Forward

Most Viewed