നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല, ജാഗ്രത തുടരുന്നു; സമ്പർക്കപ്പട്ടിക ഉയർന്നേക്കാം: മുഖ്യമന്ത്രി


തിരുവനന്തപുരം:

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ പ്രധാന പ്രശ്നമാണെന്നും, പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരികയാണെന്നും അദ്ദേഹം തലസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിപ ഭീഷണി ഒഴിഞ്ഞുപോയതായി പറയാനാവില്ല. കൂടുതൽ പേരിലേക്ക് രോഗം പടർന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. വ്യാപനം തടയുന്നതിനും രോഗബാധിതരായവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനവും നിതാന്ത ജാഗ്രതയോടെ ഈ ഉദ്യമത്തിൽ പങ്കാളികളാണ്. കോഴിക്കോട് ജില്ലയിലും സമീപത്തെ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും നിപ വ്യാപനം തടയാൻ ശാസ്ത്രീയമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടക്കത്തിൽതന്നെ കണ്ടെത്താനായതുകൊണ്ടാണ് കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവായതെന്നും അദ്ദേഹം വ്യക്തമാക്കി.

1286 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അവരിൽ 276 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഇതിൽ 122 പേർ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യ പ്രവർത്തകരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 994 പേർ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണമുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതിൽ 267 പേരുടെ പരിശോധനാഫലമാണ് വന്നത്. 6 പേരുടെ ഫലമാണ് ഇതിൽ പോസിറ്റീവ് ആയിട്ടുള്ളത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ 9 പേരാണ് ഐസൊലേഷനിലുള്ളത്. നിപ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മതിയായ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളുടെയും, നിപ പ്രതിരോധ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. പോലീസിൻറെ പ്രത്യേക ശ്രദ്ധയും ഈ പ്രവർത്തനങ്ങളിൽ ഉറപ്പാക്കുന്നുണ്ട്. രോഗനിർണയത്തിനായി കോഴിക്കോടുള്ള മെഡിക്കൽ കോളേജ് മൈക്രോ ബയോളജി ലാബിലും തോന്നക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ലാബിലും തുടർന്നും പരിശോധന നടത്തും. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്.

ഇന്ന് നിപ അവലോകന യോഗം ചേർന്നിരുന്നുവെന്നും, രണ്ടാം തരംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പുർണ്ണമായും തള്ളിക്കളയാനാവില്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ.സി.എം.ആർ വൈറസ് സീക്വൻസി നടത്തിയപ്പോൾ 2018നും 2019നും സമാനമായ കാര്യങ്ങളാണ് കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കൂടുതൽ വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. വിദ്ധഗ്ധ പാനലിൻറെ നിർദ്ദേശപ്രകാരം ആദ്യ ഘട്ടത്തിൽ നിപ കണ്ടെത്തിയ വടകര താലൂക്കിലെ കണ്ടൈൻമെൻറ് സോണിലെ കടകൾ തുറക്കുന്നത് വൈകീട്ട് അഞ്ച് മണി എന്നത് എട്ട് വരെയാക്കിയിട്ടുണ്ട്. കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം 22-ാം തീയതിക്ക് ശേഷം അന്നത്തെ സാഹചര്യം നോക്കി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed