നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്‍റെ സി.ഡി.എസ് ഫണ്ട് തട്ടിപ്പ്: പൊലീസിൽ പരാതി നൽകി
തിരുവല്ല: സി.പി.എം ഭരിക്കുന്ന നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് പുളിക്കിഴ് പൊലീസിൽ പരാതി. പണാപഹരണം, വഞ്ചനകുറ്റം, വ്യജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി സി.ഡി.എസ് ചെയർപേഴ്സൺ പി.കെ സുജ, അക്കൗണ്ടന്‍റ് എ. സീനാമോൾ, മുൻ വി.ഇ.ഒ വിൻസി എന്നിവർക്കെതിരെ പഞ്ചായത്ത് പ്രസിഡന്‍റ് ടി. പ്രസന്ന കുമാരിയാണ് പരാതി നൽകിയത്. ഞായറാഴ്ച ഉച്ചയോടെ നൽകിയ പരാതിക്കൊപ്പം ജില്ലാ മിഷൻ ഓഡിറ്റ് വിഭാഗം നൽകിയ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. തട്ടിപ്പിൽ പരാതി നൽകാൻ ശനിയാഴ്ച രാവിലെ ചേർന്ന പഞ്ചായത്ത് സമിതി യോഗം തീരുമാനിച്ചിരുന്നു.
കുടുംബശ്രീ ജില്ലാ മിഷൻ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തായത്. ഇതേതുടർന്ന് സി.ഡി.എസ് ചെയർപേഴ്സൺ പി.കെ സുജയെ സ്ഥാനത്തു നിന്നും നീക്കുകയും അക്കൗണ്ട് എ. സീനാ മോളെ സസ്പെൻഡ് ചെയ്യുവാനും വി.ഇ.ഒ വിൻസിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുവാനും ജില്ലാ മിഷൻ കോഡിനേറ്റർ എസ്. ആദിലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. സംഭവത്തിൽ സി.പി.എം നേതാക്കൾക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ബി.ജെ.പിയും വരും ദിവസങ്ങളിൽ പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോപണ വിധേയരായ മൂന്നു പേർക്കെതിരെ കേസെടുക്കുമെന്ന് ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു.
sdadsadsadsads