ചത്തകോഴി വിൽപനയ്ക്ക്; ചിക്കൻ സ്റ്റാൾ അടപ്പിച്ചു
നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിലെ ആവോലത്ത് ചത്തകോഴി വിൽപന നടത്തിയ ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി. മോദാക്കര പള്ളിക്ക് സമീപത്തുള്ള സി.പി.ആർ ചിക്കൻ സ്റ്റാളാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പൂട്ടിച്ചത്. മറ്റു കടകളെ അപേക്ഷിച്ച് വലിയതോതിൽ വിലക്കുറവിൽ കോഴിവില്പന നടത്തുന്നത് ഇവിടെ പതിവായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ ചൊവ്വാഴ്ച രാത്രി കടയിൽ പരിശോധന നടത്തിയപ്പോൾ നിരവധി ചത്ത കോഴികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പഞ്ചായത്തധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പ്രസിഡന്റ് പി. ഷാഹിന, വാർഡ് അംഗം കെ. മധുമോഹനൻ തുടങ്ങിയവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലും ചത്ത കോഴികളെ കണ്ടെത്തുകയും പൊലീസ് സഹായത്തോടെ കട പൂട്ടിക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കട പരിശോധിച്ച് 15,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
AXZXZXZXZ