ചാണ്ടി ഉമ്മന്റെ ചരിത്രവിജയം; ഇടത് വോട്ടുബാങ്കുകൾ തകർന്നു, നിലംതൊടാതെ ബിജെപി .
കോട്ടയം: വോട്ടുപെട്ടി തുറക്കുന്ന ആദ്യ നിമിഷം മുതൽ മുന്നിൽ നിന്ന കുഞ്ഞൂഞ്ഞിന്‍റെ പ്രിയപുത്രൻ പുതുപ്പള്ളിയുടെ പുതിയ പൊന്നോമനയായി.വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷാമുറിയുടെ താക്കോൽ മാറിപ്പോയതിനാൽ വൈകിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വിജയിച്ച ചാണ്ടി ഉമ്മൻ കോൺഗ്രസിന്‍റെ സമീപകാലത്തെ ഏറ്റവും മികച്ച ജയമാണ് നേടിയത്. തൃക്കാക്കരയിലെ ഉമാ തോമസിന്‍റെ ഉപതെരഞ്ഞെടുപ്പ് ഭൂരിപക്ഷം മറികടന്ന ചാണ്ടി, കോട്ടയം ജില്ലയിൽ ഒരു കോൺഗ്രസ് സ്ഥാനാർഥി നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷവും സ്വന്തം പേരിലാക്കി. 183 ബൂത്തുകളിൽ 182 ഇടത്തും ചാണ്ടി ഉമ്മൻ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനെ മറികടന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 12,684 വോട്ടുകൾ നഷ്ടമായ എൽഡിഎഫിന് മണ്ഡലത്തിൽ കനത്ത ആഘാതമാണ് ഏറ്റത്. ജെയ്കിന്‍റെ സ്വന്തം ബൂത്തായ മണർകാട് യുപി സ്കൂളിലും ചാണ്ടിയാണ് മുന്നിലെത്തിയത്. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്‍റെ ജന്മദേശത്ത്, അദ്ദേഹം നയിച്ച തെരഞ്ഞെടുപ്പിൽ ജനങ്ങൾ യാതൊരുവിധ സഹകരണവും ഇടതുമുന്നണിക്ക് നൽകിയില്ല. വാസവന്‍റെ സ്വന്തം സ്ഥലമായ പാമ്പാടിയിൽ തന്നെയായിരുന്നു എൽഡിഎഫിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്. ഇവിടെയും "അരിവാൾ ചുറ്റിക' ചിഹ്നം പിന്നിൽ പോയി.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ "കിലോക്കണക്കിന്' ആരോപണങ്ങൾ വോട്ടർമാരുടെ മനസിൽ മായാതെ നിലനിർത്താൻ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും വിദഗ്ധമായി ശ്രമിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന വാദം യുഡിഎഫ് ഉയർത്തിയതോടെ, "സർക്കാരിന്‍റെ വിലയിരുത്തൽ' എന്ന സ്ഥിരം പല്ലവി ഭരണപക്ഷം ഉപേക്ഷിച്ച മട്ടായിരുന്നു. വീണാ വിജയനെതിരായ ആരോപണത്തിന് മറുപടിയായി അച്ചു ഉമ്മന്‍റെ വസ്ത്രത്തിന്‍റെ തിളക്കം പറഞ്ഞ് പ്രതിരോധിക്കാനാണ് സൈബർ പോരാളികൾ ശ്രമിച്ചത്. മണ്ഡലത്തിലെ വോട്ടറായ സതിയമ്മ എന്ന സ്ത്രീയെ ഉമ്മൻ ചാണ്ടി അനുകൂലി ആയതിന്‍റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവവും കുടുംബ വോട്ടുകൾ ചാണ്ടിയിലേക്ക് ഒഴുകിയെത്താൻ സഹായിച്ചു. 11,694 വോട്ടുകൾ 2021-ൽ നേടിയ ബിജെപി ഇത്തവണ വെറും 5,564 വോട്ടുകളിലേക്ക് ചുരുങ്ങി. ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ് വെറും 637 വോട്ടുകളുമായി പരിഹാസ്യനായി. അരിക്കൊമ്പന് വേണ്ടി മത്സരിച്ച സന്തോഷ് പുളിക്കല്‍ 59 വോട്ടുകളാണ് നേടിയത്.
AADSADSADSADS