കുട്ടികൾക്കെതിരെയുള്ള അക്രമം; കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തത് 4582 പോക്‌സോ കേസുകൾ
കുട്ടികൾക്കെതിരെ കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 4582 പോക്‌സോ കേസുകൾ. ഇതിൽ ബഹുഭൂരിഭാഗം കുറ്റകൃത്യങ്ങളും നടന്നത് കുട്ടികളുടെ വീടുകളിൽ. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ്റെ 2022- 23 വാർഷിക റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. സ്കൂളുകൾ, വാഹനങ്ങൾ, മതസ്ഥാപനങ്ങൾ, ശിശു സംരക്ഷണ സ്ഥാപനങ്ങൾ, ആശുപത്രികൾ, സുഹൃത്തുക്കളുടെ വീടുകൾ എന്നിവിടങ്ങളിലും കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായി.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതികളിൽ 908 പേർ കുട്ടികൾക്ക് തിരിച്ചറിയാവുന്നവരാണ്. 601 പേർ അയൽക്കാരും 170 പേർ അധ്യാപകരാണെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ 2022 -23 വാർഷിക റിപ്പോർട്ടിൽ പറയുന്നു. പ്രതിസ്ഥാനത്തുള്ള 801 പേർ കമിതാക്കളാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 4582 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
5002 പേരാണ് പ്രതി പട്ടികയിൽ. ഇവരിൽ 4643 പേർ പുരുഷന്മാരും 115 പേർ സ്ത്രീകളുമാണ്.244 പേരുടെ വിവരം കമ്മീഷന് പൊലീസ് ലഭ്യമാക്കിയിട്ടില്ല. 4642 കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.
കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്ത പോക്സോ കേസുകളിൽ 1004 എണ്ണത്തിലും കുറ്റകൃത്യം നടന്നത് കുട്ടികളുടെ വീടുകളിലാണ്. 133 എണ്ണം സ്കൂളുകളിലും 102 എണ്ണം വാഹനങ്ങളിലും 99 എണ്ണം ഹോട്ടലുകളിലും 96 എണ്ണം സുഹൃത്തുക്കളുടെ വീടുകളിലും ആണ് നടന്നത്. മതസ്ഥാപനങ്ങളിൽ 60, ആശുപത്രികളിൽ 29, ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ 12 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ. പോക്സോ നിയമം പ്രാബല്യത്തിലായ ശേഷം, 10 വർഷം കൊണ്ട് കേരളത്തിലെ പോക്സോ കേസുകളിലുണ്ടായ വർധന നാലിരട്ടിയാണ്.അതിജീവിതരായ കുട്ടികളിൽ അധികവും പെൺകുട്ടികളാണ്. 15 മുതൽ 18 വയസുള്ളവരാണ് ഏറെയും.. നാല് വയസിൽ താഴെയുള്ള 55 കുഞ്ഞുങ്ങളും 5 മുതൽ 9 വയസ് വരെയുള്ള 367 കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്.
ADSDASADSADSADS