വിദ്യാർത്ഥിയുടെ മരണം; പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച്


കാസർഗോഡ് കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോർട്ടിലുണ്ട്. അപകടത്തിൽപ്പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസില്ല എന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. കാറിലുണ്ടായിരുന്നത് വിദ്യാർത്ഥികളാണെന്ന് അറിഞ്ഞത് അപകടത്തിൽപ്പെട്ടതിന് ശേഷമെന്ന് ആരോപണം നേരിട്ട പൊലീസുകാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ഓഗസ്റ്റ് 26നാണ് പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് (17) 29നു മരിച്ചു. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടരുന്നത്.

അമിത വേഗതയിലെത്തിയ കാർ മതിൽ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന ഫർഹാസിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്ന് ആദ്യം വാർത്ത വന്നെങ്കിലും ഇത് പൊലീസ് തള്ളി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നത് തെറ്റായ പ്രചരണമെന്ന് പൊലീസ് വിശദമാക്കി. എസ്‌ഐ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നായിരുന്നു പുറത്തുവന്ന വാർത്ത.

article-image

fgfgdfgfdrfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed