മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ കേസെടുക്കാൻ വിജിലൻസ് നീക്കം

മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ കേസെടുക്കാൻ വിജിലൻസ് നീക്കം. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തിയെന്ന പരാതി അന്വേഷിക്കാനാണ് നീക്കം. കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനാണ് മാത്യു കുഴൽനാടനെതിരെ പരാതി നൽകിയത്. നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും മാത്യു സ്വന്തമാക്കിയതെന്ന് ജില്ലാ സെക്രട്ടറി പരാതിയിൽ പറയുന്നു. 2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്ത് ആധാരത്തിൽ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേ ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഇതുവഴി കുഴൽനാടൻ വെട്ടിച്ചതായാണ് ആരോപണം. ദുബായ്, ഡൽഹി, ബംഗളൂരു, ഗുവാഹത്തി, കൊച്ചി എന്നിവിടങ്ങളിൽ അദ്ദേഹത്തിന് ലീഗൽ സ്ഥാപനങ്ങളുണ്ട്. ശരിയായ രീതിയിലല്ലാതെ വരുന്ന പണം വെളുപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാക്കി ഇവയെ മാറ്റുന്നുവെന്നും സി.എൻ മോഹനൻ ആരോപിച്ചിരുന്നു.
asddsdsaadsas