പങ്കാളി കൈമാറ്റക്കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്നതിനു പിന്നാലെ പ്രതിയായ ഭർത്താവ് വിഷം കഴിച്ച് മരിച്ചു
പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവ് മരിച്ചു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രതി കങ്ങഴ പത്തനാട് സ്വദേശിയായ 32കാരൻ ഷിനോ മാത്യു ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൊല്ലപ്പെട്ട പരാതിക്കാരിയുടെ ഭർത്താവാണ് പ്രതിയായ ഷിനോ മാത്യു. കൊലപാതക ശേഷം ഇയളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ നാലോടെയാണ് മരണം. മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.
മണർകാട് മാലം തുരുത്തിപ്പടി സ്വദേശിനിയായ 26കാരിയെയാണ് ഭർത്താവ് വെട്ടിക്കൊന്നത്. മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഭര്‍ത്താവ് മറ്റ് പലരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ യുവാവടക്കം ഏഴുപേരെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പങ്കാളി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ഇയാൾ മാസങ്ങൾക്കുമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കേസിനെത്തുടർന്ന് ഭർത്താവുമായി അകന്ന യുവതി സ്വന്തംവീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ജാമ്യത്തിലിറങ്ങിയത് പിന്നാലെ യുവതിയുമായി വീണ്ടും അടുത്ത ഇയാൾ ഇവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയിരുന്നു. ഇതിനുശേഷവും ഇയാൾ ഇവരെ പങ്കാളി കൈമാറ്റത്തിന് നിർബന്ധിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിന്‍റെ വൈരാഗ്യത്തിലാണ് യുവതിയെ കൊന്നത്.
സംഭവസമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കളും സഹോദരനും ജോലിക്കുപോയിരുന്നു. കുട്ടികൾ വീടിനുപുറത്ത് കളിക്കുകയായിരുന്നു. മകളെ കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് പിതാവ് പൊലീസിന് മൊഴി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് തിരഞ്ഞത്. പൊലീസ് തിരച്ചിൽ തുടരുന്നതിനിടെ വിഷം കഴിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ ആദ്യം പ്രവേശിപ്പിച്ചത്. ഓൺലൈൻ മുഖേന വാങ്ങിയ റേഡിയേഷനുള്ള കീടനാശിനിയാണ് കഴിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം.
mjnjmnbjmn