ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി; എംഎയൂസഫലിയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി
ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലിയുടെ പരാതിയിൽ ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി. എംഎയൂസഫലിയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ഉള്ളടക്കങ്ങൾ നീക്കം ചെയ്യാന്‍ 24 മണിക്കൂറാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഗൂഗിളിനും യൂട്യൂബിനും നിർദേശം നൽകിയിട്ടുണ്ട്
2013 മുതൽ തന്നെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് എംഎയൂസഫലി നൽകിയ മാനനഷ്ടക്കേസ് പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ചന്ദ്രധാരി സിങാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. വിഡിയോ തന്നെ അപകീർത്തിപ്പെടുത്താൻ മാത്രം ഉദേശിച്ചുള്ളതാണെന്നായിരുന്നു യൂസഫലിയുടെ വാദം.
24 മണിക്കൂറിനകം വാർത്തകൾ പിന്‍വലിച്ചില്ലെങ്കിൽ ഷാജന്‍ സ്‌കറിയയുടെ ചാനൽ സസ്‌പെന്‍ഡ് ചെയ്യാനും യൂട്യൂബിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഭരണഘടന പൗരന് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഷാജന്‍ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശമല്ല അഭിപ്രായ സ്വാതന്ത്ര്യമെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുതെന്ന് സാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി നിർദേശം നൽകി.
ftiugi