ഭീഷണിയല്ല, അപേക്ഷയാണ്': കെസിബിസിക്കെതിരെയുള്ള വിമർശനം മയപ്പെടുത്തി വനംമന്ത്രി
കാട്ടുപോത്ത് ആക്രമണ വിവാദത്തിൽ കെസിബിസിക്കെതിരായ വിമർശനം മയപ്പെടുത്തി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. തന്‍റെ പരാമർശം ആരെയും ഭീഷണിപ്പെടുത്തിയുള്ളതല്ലെന്നും അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരേ രംഗത്തുവന്നിരുന്നു. തുടർന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്. വിലപേശൽ സമരം പാടില്ലെന്നാണ് താൻ പറഞ്ഞതിന്‍റെ രത്നച്ചുരുക്കം. അത്തരം സമരത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് കെസിബിസിയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംഘർഷ രഹിതമായി സമരങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് സർക്കാരിന്‍റെ നിലപാട്. കെസിബിസി നിലപാട് വ്യക്തമാക്കിയതിന് നന്ദി. കെസിബിസിക്ക് പ്രകോപനപരമായ നിലപാട് ഇല്ലെന്ന് വ്യക്തമായി. ആരൊക്കെയാണ് സമരത്തിന് പിന്നിലെന്ന് വ്യക്തമല്ല. വിഷയത്തിൽ ജനത്തെ വെച്ച് ചർച്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുവിഷയത്തിൽ സർക്കാരിനോട് ആവശ്യം ഉയർത്തിയതിന് അസ്വസ്ഥത വേണ്ടെന്നാണ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മന്ത്രിക്കുള്ള മറുപടിയായി പറഞ്ഞത്.നിരായുധരായ ആളുകൾ എങ്ങനെയാണ് വന്യജീവികളെ നേരിടുക? ആരും അക്ഷമരാകേണ്ട കാര്യമില്ല. ഭയപ്പെടുത്തി നിശബ്ദരാക്കേണ്ട. കൂട്ടുത്തരവാദിത്തത്തിന്റെ ആവശ്യകത സർക്കാരിനെ ഓർമപ്പെടുത്തുന്നു. ചർച്ചകളെക്കാൾ പ്രതിവിധിയാണ് വേണ്ടതെന്നും കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവ വ്യക്തമാക്കി.
dfdfsdfsdf