100 കോടി പിഴ; ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ
ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാൻ കൊച്ചി കോർപറേഷൻ. ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കാനാണ് നീക്കം. നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം.
ബ്രഹ്മപുരം മാലിന്യ സംസ്കരണപ്ലാന്റിലെ തീ പിടിത്തത്തിൽ കൊച്ചി കോർപറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയതിനെ നിയമപരമായി നേരിടാനാണ് കോർപറേഷൻ നീക്കം. നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചാൽ സ്റ്റേ നേടാനാകുമോ എന്നാണ് ആശങ്ക. വിഷയം പരിഗണിച്ചപ്പോഴൊക്കെയും കോർപറേഷൻ നടപടികളിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപെടുത്തിയിരുന്നു. അതിനാൽ സുപ്രീം കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കോർപറേഷന്റെയോ സർക്കാരിന്റെയോ ഭാഗം കേൾക്കാതെയും നഷ്ടപരിഹാരം കണക്കാക്കാതെയുമാണ് ദേശീയ ഹരിത ട്രിബ്യൂണൽ നടപടി എന്നാണ് കോർപറേഷൻ വാദം. 2012 മുതൽ ബ്രഹ്മപുരം പ്ലാന്റിൽ ഉണ്ടായ പിഴവുകളാണ് ഹരിത ട്രിബ്യൂണലിനെ പ്രകോപിപ്പിച്ചതെന്നും കോർപറേഷൻ പറയുന്നു. 2019ൽ ദേശീയ ഹരിത ട്രിബ്യൂണൽ സംഘം പ്ലാന്റ് സന്ദർച്ചപ്പോൾ നൽകിയ നിർദേശങ്ങൾ നടപ്പാക്കാത്തതിനെ തുടർന്ന് രണ്ട് കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിൽ ഒരു കോടി രൂപ കെട്ടി വച്ച ശേഷം കോർപറേഷൻ അപ്പീൽ നൽകി സ്റ്റേ നേടി. 2021 ജനുവരി യിൽ 14.92 കോടി രൂപ വീണ്ടും പിഴ ചുമത്തിയപ്പോഴും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. അപ്പീൽ പോകണമെങ്കിൽ പിഴത്തുകയുടെ അൻപത് ശതമാനം കെട്ടി വെക്കേണ്ടിവരും. ഇത് അൻപതു കോടി രൂപ വരും. അങ്ങനെ എങ്കിൽ സർക്കാർ സഹായത്തോടെ മാത്രമേ കോർപറേഷൻ അപ്പീൽ നൽകാനാകൂ.
vbhfgjfgh