ഐഎസ്ആർഒ ചാരക്കേസ് വ്യാജമെന്ന് സിബിഐ ഹൈക്കോടതിയിൽ
![ഐഎസ്ആർഒ ചാരക്കേസ് വ്യാജമെന്ന് സിബിഐ ഹൈക്കോടതിയിൽ ഐഎസ്ആർഒ ചാരക്കേസ് വ്യാജമെന്ന് സിബിഐ ഹൈക്കോടതിയിൽ](https://www.4pmnewsonline.com/admin/post/upload/A_L4PpxuHldY_2023-01-13_1673601834resized_pic.jpg)
നമ്പി നാരായണനെ കുടുക്കിയ ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ വിദേശ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് സിബിഐ കേരളാ ഹൈക്കോടതിയെ അറിയിച്ചു. നമ്പി നാരായണന്റെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നു. യാതൊരു തെളിവുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് കേരളാ ഹൈക്കോടതിയിൽ സിബിഐ വാദിച്ചു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ചാരക്കേസ് വ്യാജമാണെന്നും സിബിഐ ചൂണ്ടിക്കാണിച്ചു. കേസിൽ കൂടുതൽ തെളിവ് കിട്ടിയോ എന്ന് വാദത്തിനിടെ സിബിഐ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു.
വിദേശ ഇടപെടൽ ഉണ്ടായ കേസ് ആയതിനാൽ വിശദമായ പരിശോധ വേണ്ടിവരുമെന്നും കേസിലെ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെട്ടു. കേരള മുൻ ഡിജിപി സിബി മാത്യൂസ് ഐബി ഉദ്യോഗസ്ഥനായിരുന്ന മുൻ ഗുജറാത്ത് എഡിജിപി ആർബി ശ്രീകുമാർ, പിഎസ് ജയകുമാർ, കേരള പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയൻ, തമ്പി എസ് ദുർഗ തുടങ്ങിയവരെയായിരുന്നു ഗൂഢാലോചനക്കേസിൽ പ്രതിചേർത്തിരുന്നത്. ഇവർക്ക് നൽകിയ മുൻകൂർ ജാമ്യം ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ സിബിഐയുടെ ഹർജി.
രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയർത്തിയ കേസിനെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ എല്ലാ പ്രതികളുടെയും മുൻകൂർ ജാമ്യം റദ്ദാക്കി കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു.
ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതിയാണ് സിബിഐക്ക് നിർദേശം നൽകിയത്. ഗൂഢാലോചന പരിശോധിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ഡികെ ജെയിനിനെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ഗുരുതരമായ നിയമലംഘനം നമ്പി നാരായണനെതിരെ നടന്നുവെന്നായിരുന്നു ജസ്റ്റിസ് ഡികെ ജെയിൻ സമിതിയുടെ റിപ്പോർട്ട്. റിപ്പോർട്ട് അതേപടി സിബിഐക്ക് കൈമാറിയ സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
fgh