സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ദൃശ്യാവിഷ്‌ക്കാരത്തിൽ അന്വേഷണത്തിന് ഉത്തരവ്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ദൃശ്യാവിഷ്‌ക്കാരത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസിന് പൊതുവിദ്യാഭ്യാസ−തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. സ്വാഗതഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽനിന്ന് മാറ്റിനിർത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. കലോത്സവ ഗാനത്തിലെ പരാമർശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാടല്ല. സ്‌കൂൾ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണ്. സ്വാഗതഗാനം ഒരു സമിതി സ്‌ക്രീൻ ചെയ്തിരുന്നു. എന്നാൽ, സ്റ്റേജ് ഡ്രെസ്സിൽ അല്ലായിരുന്നു സ്‌ക്രീനിങ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും മന്ത്രി സൂചിപ്പിച്ചു.
അതേസമയം, കലോത്സവ ഭക്ഷണത്തിന്റെ പേരിൽ ചിലർ വെറുതെ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മികച്ച കരിയർ റെക്കോർഡുള്ള പഴയിടം മോഹനൻ നമ്പൂതിരിയെ ക്രൂശിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്ന പ്രതികരണങ്ങൾ ദൗർഭാഗ്യകരമാണ്. വൈവിധ്യങ്ങളുടെ മേളയാണ് കലോത്സവം. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയും ഈ വിഷയത്തിൽ കടിച്ചുതൂങ്ങാൻ നിൽക്കുന്നവർക്ക് കൃത്യമായ അജണ്ടയുണ്ട്. ഈ അജണ്ട തിരിച്ചറിയാനുള്ള മതേതര മനസ് കേരളത്തിനുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
dgdgd