ഏകദിനത്തിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാകില്ല; പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്ന് മന്ത്രി

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 15ന് നടക്കുന്ന ഇന്ത്യ−ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലെ വിനോദ നികുതിയുമായി ബന്ധപ്പെട്ട് കായിക മന്ത്രി വി അബ്ദുറഹിമാൻ നടത്തിയ പരാമർശം വിവാദത്തിൽ. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ് ഉയർത്തിയത്. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും സംഘാടകർ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും മന്ത്രി പറഞ്ഞു.
കാര്യവട്ടത്ത് കളി കാണാൻ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പർ ടയറിന് 1000 രൂപ, ലോവർ ടയറിന് 2000 എന്നിങ്ങനെയാണ്. 18 ശതമാനം ജിഎസ്ടിയുംകോർപ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാർജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയാകും. നികുതി ഉയർത്തിയതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. സെപ്റ്റംബറിൽ ഇവിടെ നടന്ന ഇന്ത്യ−ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിൽ അഞ്ചുശതമാനമായിരുന്നു വിനോദ നികുതി. നികുതി ഉൾപ്പടെ 1500ഉം 2750ഉം ആയിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വർധന കൊണ്ട് കാണികൾക്ക് അധിക ഭാരമില്ലെന്നും കായികമന്ത്രി പറഞ്ഞു.
gyiih