ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കില്‍ ആ അവസ്ഥ വരില്ലായിരുന്നു: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ജി സുകുമാരന്‍ നായര്‍


കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതാണ് ഭരണം നഷ്ടപ്പെടാന്‍ കാരണം. ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കില്‍ ആ അവസ്ഥ വരില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നല്ലൊരു നേതൃത്വം ഉണ്ടാകും എന്ന പ്രതീക്ഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ടു. സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണെന്നും വിമര്‍ശനമുണ്ട്. സാമുദായിക നേതാക്കളുടെ കാലുപിടിക്കില്ലെന്ന പരാമര്‍ശമാണോ വി ഡി സതീശനെ ക്ഷണിക്കാതിരുന്നതിന് പിന്നിലെ കാരണമെന്ന ചോദ്യത്തിന്, തനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ലത്തതിന് മറ്റ് കാരണങ്ങളും ഉണ്ടെന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. വി ഡി സതീശന്‍ സംസ്‌കാര ശൂന്യമായപദങ്ങള്‍ ഉപയോഗിച്ചു. സാമുദായിക നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയക്കാര്‍ കിടക്കരുതെന്ന സതീശന്റെ പരാമര്‍ശമാണ് നായന്മാരെ കൂടുതല്‍ വിഷമിപ്പിച്ചത്. ഈ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. തങ്ങള്‍ സതീശനോട് ഒരിക്കലും ക്ഷമിക്കില്ലെന്നും എന്‍എസ്എസ് മേധാവി പറഞ്ഞു.

പ്രതിപക്ഷ നേതാവായുള്ള സതീശന്റെ പ്രവര്‍ത്തനം സംബന്ധിച്ച ചോദ്യത്തിന്, ഇവിടെ പ്രതിപക്ഷം ഉണ്ടോ എന്നായിരുന്നു മറുപടി. രമേശ് ചെന്നിത്തലയും വി ഡി സതീശനും ഒരേ തൂവല്‍ പക്ഷികളാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മും ബിജെപിയും ജനങ്ങളോടുള്ള സമീപനത്തില്‍ ഒരുപോലെയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഈ സര്‍ക്കാരില്‍ നല്ല കാര്യങ്ങളൊന്നും കാണുന്നില്ലെന്നായിരുന്നു പ്രതികരണം. മന്നം ജയന്തി അവധി ദിവസമാക്കണമെന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

രാജ്യത്തെ പ്രധാനമന്ത്രി വരെയാകാന്‍ കഴിവുള്ളയാളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്നാല്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാവര്‍ക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങള്‍ എന്നതാണ് ഇതിന് കാരണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.

article-image

sgfedgds

You might also like

Most Viewed