പാചകം ചെയ്യില്ലെന്ന തീരുമാനം വിവാദങ്ങളെ ഭയന്ന്: പഴയിടം മോഹനന്‍ നമ്പൂതിരി


നിലവിലെ വിവാദങ്ങളില്‍ ഭയന്നാണ് കലോത്സവങ്ങളില്‍ പാചകം ചെയ്യില്ലെന്ന് തീരുമാനിച്ചതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഒരു വെജിറ്റേറിയന്‍ ബ്രാന്‍ഡായി നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹം. കലാമേളകളില്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ വിളമ്പിയാല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് മുന്‍ധാരണയുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഒരു കലാമേളയില്‍ കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ അവര്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്നത് അനീതിയാണ്. കലോത്സവ പാചകങ്ങളാണ് പഴയിടം എന്ന ബ്രാന്‍ഡിനെ രൂപപ്പെടുത്തിയത്. അതിനോട് നീതി പുലര്‍ത്തണമെന്ന് ഉണ്ടായിരുന്നു. വെജിറ്റേറിയന്‍ ഭക്ഷണം പാചകം ചെയ്താണ് ഇത്രയും കാലം ആ ബ്രാന്‍ഡ് നിലനിന്നിരുന്നത്. ആ രീതിക്ക് മാറ്റം വരുമ്പോള്‍ അവിടെ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.' പഴയിടം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഈ വര്‍ഷം തന്നെ പല തരത്തിലുള്ള അട്ടിമറികള്‍ പ്രതീക്ഷിച്ചിരുന്നു. പാചകപ്പുര എന്നത് മാധ്യമങ്ങളെല്ലാം ആഘോഷിച്ചിരുന്ന കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ പാചകപ്പുരയിലേക്ക് വരുന്നയാളുകളെയെല്ലാം സംശയദൃഷ്ടിയോടെ നോക്കുമ്പോള്‍ പാചകക്കാരന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഭക്ഷണത്തെ സംബന്ധിച്ച് യാതൊരു നിര്‍ദേശങ്ങളും മുന്നേ പറഞ്ഞിരുന്നില്ല. ഇത്തവണത്തെ വിവാദങ്ങളെല്ലാം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഉണ്ടായതാണെന്നും ഇതിനു പിന്നില്‍ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഏത് ഭക്ഷണം കഴിക്കണമെന്നുള്ള ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തെ താന്‍ ബഹുമാനിക്കുന്നു. പക്ഷേ വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കുന്ന ഒരാള്‍ തന്നെ നോണ്‍ വെജ് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്ന് പറയുന്നതില്‍ പ്രസക്തിയില്ല.

ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് തുടര്‍ച്ചയായി മരണങ്ങള്‍ നടന്നത് സ്‌കൂള്‍ കലോത്സവത്തിനിടയ്ക്കാണ്. നോണ്‍ വെജ് ഉള്‍പ്പെടുത്താന്‍ പറയുമ്പോള്‍ അതിന് പിന്നിലുള്ളവര്‍ തന്നെ കലോത്സവത്തിലെ പാചകപ്പുരയില്‍ കൈകടത്തുമോ എന്ന ഭയവും തനിക്കുണ്ട്. അതുകൊണ്ട് തന്നെ അടുക്കളയിലേക്ക് പുറമെ നിന്നുള്ള ഒരാളെ പോലും പ്രവേശിപ്പിച്ചിരുന്നില്ലെന്നും പഴയിടം പറഞ്ഞു.

article-image

FGDSGDFG

You might also like

Most Viewed