വീണ വിജയന്റെ മെന്‍ററാണ് ജെയ്ക് ബാലകുമാറെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി മാത്യു കുഴൽനാടൻ എം.എൽ.എ
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ മെന്‍ററാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലകുമാറെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. അവകാശലംഘന നോട്ടീസിനുള്ള മറുപടിയിൽ തന്‍റെ വാദം മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. വീണയുടെ കമ്പനിയായ എക്സാ ലോജിക്കിന്‍റെ മെന്‍ററായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലകുമാർ പ്രവർത്തിച്ചതായും എന്നാൽ, മകളെ മെന്‍റർ ചെയ്തെന്ന് പറയാനാവില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മറുപടി താൻ അംഗീകരിക്കുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
വീണ എന്ന വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചു കൊണ്ട് മാത്രമാണ് താൻ ഇതുവരെ സംസാരിച്ചിട്ടുള്ളത്. വ്യക്തിപരമായ പരാമർശം വീണക്കെതിരെ നടത്തിയിട്ടില്ല. എക്സാ ലോജിക് എന്ന കമ്പനിയുടെ ഏക ഡയറക്ടറും ഉടമയും വീണയായത് കൊണ്ടാണ് ഇക്കാര്യം താൻ പറഞ്ഞതെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. തന്‍റെ ആരോപണം മുഖ്യമന്ത്രിക്ക് അംഗീകരിക്കേണ്ടി വന്നതിൽ സന്തോഷമുണ്ട്. എന്നാൽ, മെന്‍ററിന്‍റെ വിശദാംശങ്ങൾ കമ്പനി വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു. സർക്കാർ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ പൊതുമധ്യത്തിൽ തുറന്നു കാണിക്കാൻ ഇനിയും ശ്രമിക്കുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ryry