ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ പാസാക്കി നിയമസഭ
സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്. പ്രതിപക്ഷം ഇക്കാര്യത്തിൽ കൊണ്ടുവന്ന ചില ഭേദഗതികൾ നിയമസഭ അംഗീകരിച്ചു.
ചാൻസലർ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. സ്പീക്കറെ പരിഗണിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ സുപ്രിംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയേയോ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിനേയോ ചാൻസലറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമാണമെന്നാണ് സർക്കാരിന്റെ വാദം. 14 സർവകലാശാലകളിലെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് പകരമായി വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരും. ഒരേ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലറാകും ഉണ്ടാകുക.
പ്രതിപക്ഷ ഭേദഗതിക്ക് ഭാഗികമായ അംഗീകാരമാണ് നിയമസഭയിൽ ലഭിച്ചത്. സബ്ജക്ട് കമ്മിറ്റിക്ക് അയച്ച ബിൽ ഇന്ന് രാവിലെയാണ് സഭയിൽ അവതരിപ്പിച്ചത്. ബില്ലിൽ സബ്ജക്ട് കമ്മിറ്റി ചില ഭേദഗതികൾ നിർദേശിച്ചിരുന്നു. വൈസ് ചാൻസലറുടെ സ്ഥാനം ഒഴിവുവന്നാൽ എങ്ങനെ നികത്തുമെന്നതായിരുന്നു പ്രധാനമായും ഉയർത്തികാണിക്കപ്പെട്ട പ്രശ്‌നം. ഇതിൽ പ്രോട്ടോക്കോൾ പ്രശ്‌നങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.
ചാൻസലറെ തെരഞ്ഞെടുക്കാൻ സമിതി വന്നാൽ പ്രോട്ടോക്കോൾ പ്രശ്‌നം വരില്ലെന്നും അമിത രാഷ്ട്രീയ വത്ക്കരണം ഒഴിവാക്കാമെന്നുമുള്ള നിർദേശമാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കണമെന്ന് സഭയിൽ പികെ കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു. ബിൽ പാസാക്കിയ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
ഹഗദബദ