എല്ലാ സർ‍വകലാശാലകൾ‍ക്കും ഒരു ചാൻസിലർ‍ മതി; നിർ‍ദേശവുമായി പ്രതിപക്ഷം


സർ‍വകലാശാല ബില്ലിൽ‍ ഭേദഗതിയുമായി പ്രതിപക്ഷം. എല്ലാ സർ‍വകലാശാലകൾ‍ക്കും ഒരു ചാന്‍സിലർ‍ മതിയെന്നാണ് നിർ‍ദേശം. വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസിലറാകണം. ഇതിനായി നിയമിക്കുന്ന സമിതിയുടെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ചാൻസിലറെ നിയമിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്.

സമിതിയിൽ‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർ‍ അംഗങ്ങളായിരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

ഗവർ‍ണറെ ചാൻസിലർ‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ‍ നിയമസഭയിൽ‍ അവതരിപ്പിക്കുകയാണ്. സബ്ജെക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർ‍ച്ച ചെയ്ത് പാസാക്കുന്നത്. ചാൻസിലർ‍ സ്ഥാനത്ത് നിന്ന് ഗവർ‍ണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും സർ‍ക്കാരിന്റെ ബദൽ‍ സംവിധാനത്തോടുള്ള എതിർ‍പ്പ് മൂലം പ്രതിപക്ഷം ബില്ലിനെ നിയമസഭയിൽ‍ എതിർ‍ക്കും. കഴിഞ്ഞ തവണ സഭ ബിൽ‍ സബ്ജെക്ട് കമ്മിറ്റിക്ക് വിട്ടതാണ്. സബ്ജെക്ട് കമ്മിറ്റിയുടെ ശുപാർ‍ശകളും ഭേദഗതികളും ഉണ്ടെങ്കിൽ‍ അതുകൂടി പരിഗണിച്ചുകൊണ്ടാണ് ബിൽ‍ സഭയിലെത്തുക.

ഗവർ‍ണറെ മാറ്റുന്നതിലൂടെ സർ‍ക്കാർ‍ മാർ‍ക്‌സിസ്റ്റ്വത്ക്കരണം നടപ്പാക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർ‍ത്തുന്നത്. എന്നാൽ‍ ഗവർ‍ണർ‍ സംഘിവത്ക്കരണം നടത്തുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇരുകൂട്ടരെയും ഒരുപോലെ എതിർ‍ക്കാനാണ് പ്രതിപക്ഷ നീക്കം. അതത് മേഖലകളിലെ പ്രഗൽ‍ഭരെ ചാൻ‍സലറായി നിയമിക്കാൻ സർ‍ക്കാരിന് അധികാരം നൽ‍കുന്നതാണ് ബിൽ‍. സർ‍വകലാശാല നിയമങ്ങളിലും മാറ്റം വരുത്തും. ഗവർ‍ണർ‍ അദ്ദേഹത്തിന്റെ പദവി മുഖേനെ സർ‍വകലാശാലകളുടെ ചാന്‍സലറാകുന്നു എന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തുക.

ഓരേ വിഭാഗത്തിൽ‍പ്പെടുന്ന സർ‍വകലാശാലകൾ‍ക്ക് ഒരു ചാൻസലർ‍ എന്നതാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. 75 വയസാണ് പ്രായപരിധി. ചാൻസലറാകുന്ന വ്യക്തിക്ക് ഒരു തവണ കൂടി അവസരം നൽ‍കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. എന്നാൽ‍ ചാന്‍സലർ‍മാരുടെ യോഗ്യത, ഇവരെ മന്ത്രിസഭ തെരഞ്ഞെടുക്കുമ്പോഴുണ്ടാകുന്ന സ്വജന പക്ഷപാത ആരോപണം, പ്രൊ ചാന്‍സലർ‍ കൂടിയായ മന്ത്രി തെരഞ്ഞെടുക്കുന്ന വ്യക്തി ഒരേ വേദി പങ്കിടുമ്പോഴുള്ള പ്രോട്ടോക്കോൾ‍ പ്രശ്‌നം ഇതിലെല്ലാം ഇനിയും വ്യക്തതയുണ്ടായിട്ടില്ല.

article-image

bcv n

You might also like

Most Viewed