സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. റോജി എം ജോണിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളർച്ചയ്ക്കും നൽകുന്ന സംഭാവന ഒട്ടും തന്നെ ചെറുതല്ല. പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ ഡി.പി.ആർ അനുമതിക്കായി കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും റെയിൽവേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങൾക്ക് സ്പഷ്ടീകരണം നൽകുകയും ചെയ്തിട്ടുണ്ട്. ഡി.പി.ആർ റെയിൽവേമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പിണറായി വ്യക്തമാക്കി.
പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്. റെയിൽവേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സർക്കുലറുകളും പ്രകാരം നിക്ഷേപപൂർവ്വ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്നിക്കൽ പഠനം, ഹൈഡ്രോളിജിക്കൽ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നുവരികയാണ്. മേൽപ്പറഞ്ഞ നിക്ഷേപപൂർവ്വ പ്രവർത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഭൂഅതിർത്തി നിർണ്ണയ പ്രവർത്തനങ്ങൾ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കൽ പ്രവർത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അതിനാൽതന്നെ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് സർക്കാർ പല ആവർത്തി വ്യക്തമാക്കിയതാണ്’, മുഖ്യമന്ത്രി പറഞ്ഞു.
jguh