കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച് 3 പശുക്കൾക്കും 5 കിടാങ്ങൾക്കും ദാരുണാന്ത്യം: റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചുറാണി


കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്തു. കണ്ണൂരിൽ നായാട്ടുപാറ കോവൂരിൽ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് പശുക്കളും കിടാങ്ങളും ചത്തത്. ഭക്ഷണം ദഹിക്കാതെ വയർ വീർത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം ചെയ്ത വെറ്റിനറി സ‍ർജൻ പറയുന്നു. പശുക്കൾ‍ ചത്തതിലൂടെ തനിക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം സർക്കാർ വീട്ടണമെന്നാണ് ഫാം ഉടമയുടെ ആവശ്യം. എന്നാൽ കേടുവന്ന കാലിത്തീറ്റ മടക്കിയെടുക്കാം എന്നാണ് ഫാമിലെത്തിയ കേരള ഫീഡ്സ് ഉദ്യോഗസ്ഥരുടെ നിലപാട്.

പതിനെട്ട് വർഷം മുൻപാണ് പ്രതീഷ് നായാട്ടുപാറ കോവൂരിൽ എട്ട് ഏക്കർ സ്ഥലം വാങ്ങി ഫാം തുടങ്ങിയത്. ആടും കോഴിയും കറവപ്പശുക്കളും തെങ്ങും കുരുമുളകും വാഴയുമൊക്കെയായി ഫാം പച്ചപിടിച്ച് വരികയായിരുന്നു. മൂന്ന് ഷെഡുകളിലായി 140 ഓളം പശുക്കളുണ്ട്. ദിവസം 15 ചാക്ക് കാലിത്തീറ്റവേണം. ഈ നവംബർ 21ന് കേരള ഫീഡ്സിന്റെ കോഴിക്കോട് യൂണിറ്റിൽ നിന്നും കൊണ്ടുവന്ന 100 ചാക്ക് കാലിത്തീറ്റകഴിച്ച പശുക്കൾ അവശരായി. പാലുൽപാദനം പകുതിയായി.

വിഷബാധയുള്ള തീറ്റ കഴിച്ച് തൊഴുത്തിലെ പശുക്കളെല്ലാം ഇപ്പോൾ അവശരാണ്. മൂന്ന് ദിവസത്തിനിടെ കാലിത്തീറ്റ കഴിച്ച മൂന്ന് വലിയ പശുക്കളും അഞ്ച് കിടാങ്ങളുമാണ് ചത്തത്. തുടർ‍ന്ന് കൂടാളി വെറ്റിനറി സർജൻ എൻ ഷാക്കിറയെത്തി പോസ്റ്റ്മോർട്ടം നടത്തി. അവശരായ പശുക്കൾക്ക് മരുന്നും നൽകി മടങ്ങി. ഭക്ഷണം ദഹിക്കാത്തതാണ് മരണകാരണമെന്നും നൽകിയ തീറ്റയുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നുമാണ് ഡോക്ടർ പറയുന്നത്. കണ്ണൂരിൽ മറ്റ് രണ്ടിടങ്ങളിലു ഈ കാലിത്തീറ്റ കഴിച്ച് പശുക്കൾക്ക് വയറിളക്കം ഉണ്ടായിട്ടുണ്ട്.

തുടർച്ചയായി അഞ്ചുതവണ ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരം കിട്ടിയ പ്രതീഷിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായ കേരള ഫീഡ്സിനെതിരെ സർ‍ക്കാർ‍ എന്ത് നടപടിയെടുക്കുമെന്നാണ് ചോദ്യം. അതേസമയം കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച കന്നുകാലികൾ ചത്തെന്ന ആരോപണം അന്വേഷിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറ‌ഞ്ഞു.

article-image

guyiui

You might also like

  • Lulu Exchange
  • Straight Forward

Most Viewed