ഇഷ്ടദാനം നൽകുന്നതിന് ഇനി ബന്ധുത്വ സർട്ടിഫിക്കറ്റ് നിർബന്ധം; അല്ലാത്ത പക്ഷം 50,000 രൂപയുടെ സ്റ്റാമ്ബ് ഡ്യൂട്ടി നൽകണം
മാതാപിതാക്കൾ മക്കൾക്ക് ഭൂമി ഇഷ്ടദാനം നൽകുന്നതിന് ഇനി മക്കളെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൂടി വേണം. മക്കൾ, പേരക്കുട്ടികൾ, സഹോദരങ്ങൾ എന്നിവർക്ക് ഇഷ്ടദാനം/ധനനിശ്ചയം ആധാരം രജിസ്റ്റർ ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപ വിലയുള്ള വസ്തുവിന് ആയിരം രൂപയുടെ മുദ്രപത്രവും 5000 രൂപ രജിസ്ട്രേഷൻ ഫീസുമാണ് നിലവിൽ ഈടാക്കുന്നത്. ഇത്തരത്തിൽ ഭൂമി നൽകുമ്പോൾ ആധാരത്തിൽ മക്കളെന്നും പേരക്കുട്ടിയെന്നും സഹോദരങ്ങളെന്നും സൂചിപ്പിച്ചാൽ മതിയായിരുന്നു. പുതിയ പരിഷ്കാരപ്രകാരം ബന്ധുത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസിൽനിന്ന് വാങ്ങി നൽകണം. ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം വിലയുള്ള ഭൂമിക്ക് 6,000ന് പകരം 50,000 രൂപയുടെ സ്റ്റാമ്ബ് ഡ്യൂട്ടി നൽകേണ്ടിവരും.
ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവൊന്നും ഇല്ലെങ്കിലും വിചിത്രമായ തീരുമാനം നടപ്പാക്കാൻ സബ് രജിസ്ട്രാർമാർ ആധാരം എഴുത്തുകാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. മക്കൾ, പേരക്കുട്ടികൾ, സഹോദരങ്ങൾ എന്നിവർക്ക് അവരോ മറ്റുള്ളവരോ അറിയാതെ ആധാരം രജിസ്റ്റർ ചെയ്യുന്ന രീതി സംസ്ഥാനത്ത് നിലവിലുണ്ട്. കുടുംബ പ്രശ്നങ്ങൾ ഒഴിവാക്കാൻ തങ്ങളുടെ മരണാനന്തരം മാത്രം ഇക്കാര്യം പുറത്തുവിട്ടാൽ മതിയെന്ന് നിഷ്കർഷിക്കുന്നവരുമുണ്ട്. പുതിയ പരിഷ്കാരം പ്രകാരം ഇതെല്ലാം ഇനി ഇല്ലാതാകും.
ീൂാ