എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
ലൈംഗിക പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം ശരിവച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും പരാതിക്കാരിയുടെയും ഹർജി ഹൈക്കോടതി തള്ളി. ഒറ്റ വാക്കിലാണ് കോടതി വിധി പ്രസ്താവിച്ചത്. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയാണ് എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. പീഡനം നടന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകിയത് ശരിയായില്ലെന്നുമായിരുന്നു സർക്കാരിന്റെയും പരാതിക്കാരുടെയും വാദം. എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വാദിച്ചു.
എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നു ഹർജിയുടെ വാദത്തിനിടെ ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നു. പീഡനക്കേസിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെയും യുവതിയുടെയും ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചേദിച്ചത്. ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതി ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ആദ്യ പരാതിയിൽ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നു മനസ്സിലാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ബലാൽസംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പറഞ്ഞിരുന്നു.
സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
tdrdt