സ്റ്റുഡൻസ് യൂണിയൻ പിടിച്ചെടുക്കാൻ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം; എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ


സ്റ്റുഡൻസ് യൂണിയൻ പിടിച്ചെടുക്കാൻ എറണാകുളം പൂത്തോട്ട എസ്എൻ ലോ കോളേജിൽ നിന്ന് കെഎസ്‌യു പ്രവർത്തകയായ മത്സരാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു വിദ്യാർഥികളെ ഉദയംപേരൂർ പോലീസ് അറസ്റ്റു ചെയ്തു. പുത്തൻകാവ് എസ്എസ് കോളേജ് വിദ്യാർഥി രാജേശ്വരി, പൂത്തോട്ട എസ്എൻ ലോ കോളേജ് വിദ്യാർഥികളായ അതുൽദേവ്, സിദ്ധാർഥ് ഷാജി എന്നിവരാണ് അറസ്റ്റിലായത്. 363ആം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഉച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രവർത്തകയെ തട്ടിക്കൊണ്ട് പോയതെന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. ഇരയായ പെൺകുട്ടിയിൽനിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്നെ തെറ്റിധരിപ്പിച്ച് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.

29നായിരുന്നു സംഭവം. രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ ഇരു കൂട്ടർക്കും ഒൻപത് വീതം സീറ്റ് ലഭിച്ചു. യൂണിയൻ പിടിക്കണമെങ്കിൽ ഭൂരിപക്ഷം വേണം. ഉച്ചയ്ക്ക് ശേഷം നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്‍റെ അംഗബലം കുറയ്ക്കുന്നതിനാണ് യുവതിയെ തട്ടിക്കൊണ്ട് പോയതെന്നാണ് കെഎസ്‌യുവിന്‍റെ ആക്ഷേപം. ഇതോടെ സീറ്റുകൾ എട്ട്−ഒൻപത് എന്ന നിലയിലാവുകയും എസ്എഫ് ഐ ചെയർമാൻ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. ആശുപത്രിയിൽ പോകാനെന്ന വ്യാജേനയാണ് പെൺ‍കുട്ടിയെ ഇവർ കാറിൽ കയറ്റി കൊണ്ടുപോയതെന്നു പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെൺകുട്ടിയെ തിരികെ കോളേജിൽ എത്തിക്കുകയായിരുന്നു.

article-image

dfhd

You might also like

Most Viewed