കെ സുധാകരന്റെ വിവാദ പ്രസ്താവന; ഇതുപോലെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഉറപ്പ് അംഗീകരിക്കുന്നുവെന്ന് ലീഗ്
കെ സുധാകരന്റെ വിവാദ പ്രസ്താവന യുഡിഎഫിന് ദോഷമാണ് എന്ന നിലപാടാണ് മുസ്ലീം ലീഗിനുള്ളതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇതുപോലെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഉറപ്പ് ലീഗ് അംഗീകരിക്കുന്നുവെന്ന് പിഎംഎ സലാം പറഞ്ഞു. കെ സുധാകരന്റേത് നാക്കുപിഴയാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും കോൺഗ്രസ് നേതൃത്വം ലീഗിനെ അറിയിച്ചു. പ്രതിപക്ഷ നേതാവും ദേശീയ നേതൃത്വവും വിഷയത്തിൽ ഇടപെട്ടുവെന്നും പി എം എ സലാം പറയുന്നു.
യുഡിഎഫിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ ഒന്നും ദോഷകരമായി ബാധിക്കരുതെന്ന് ലീഗിന് നിർബന്ധമുള്ളത് കൊണ്ടാണ് പാർട്ടി വിഷയത്തിൽ പ്രതികരിച്ചതെന്ന് പിഎംഎ സലാം വിശദീകരിച്ചു. ഇന്ന് ചേരുന്ന മുസ്ലീം ലീഗ് നേതൃയോഗത്തിൽ മെമ്പർഷിപ്പ് അവലോകനമാണ് അജണ്ടയെങ്കിലും കെ സുധാകരന്‍ വിഷയവും ചർച്ച ചെയ്യുമെന്ന് അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
മുസ്ലീം ലീഗ് നേതൃയോഗം രാവിലെ 11 മണിക്കാണ് ആരംഭിക്കുക. കെ സുധാകരൻ ഇതിനോടകം മുതിർന്ന ലീഗ് നേതാക്കളോട് സംസാരിച്ചെന്നാണ് വിവരം. വിവാദ പ്രസ്താവന സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർക്ക് കെ സുധാകരൻ വിശദീകരണം നൽകി. പാണക്കാട് സാദിഖലി തങ്ങളെ കാണാനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ കൂടിക്കാഴ്ച ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
68t69