സുധാകരനെപ്പോലെ ചിന്തിക്കുന്നവർക്ക് സംരക്ഷണം നൽകാൻ ബിജെപി ബാധ്യസ്ഥരെന്ന് കെ സുരേന്ദ്രൻ
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സുധാകരനെ പോലെ ചിന്തിക്കുന്ന ആളുകൾ നിരവധിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ സമാന ചിന്താഗതിയുള്ള ധാരാളം പേരുണ്ട്. അവർ അനാഥരാകില്ല. സംരക്ഷണം നൽകാൻ ബിജെപി ബാധ്യസ്ഥരാണെന്ന് സുരേന്ദ്രൻ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. പറഞ്ഞു. ആർഎസ്എസിനെ പരാമർശിച്ചുകൊണ്ടുള്ള സുധാകരന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരായ ലീഗ് വിമർശനങ്ങളിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. യുഡിഎഫിൽ മുസ്ലീം ലീഗിന്റെ അപ്രമാദിത്തമാണെന്ന് സുരേന്ദ്രൻ വിമർശിച്ചു.
കെ. സുധാകരന്റെ മനസ് ബിജെപിക്കൊപ്പമാണെന്ന് ഇന്നലെ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. കെപിസിസി പ്രസിഡന്റിനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല.
പക്ഷെ അവർ അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കെ. സുധാകരനെ ചാരി ലീഗ് ഇടതുമുന്നണിയിലേക്ക് പോകാൻ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.
എന്നാൽ ഇന്നലെത്തന്നെ ഈ പ്രസ്താവനയെ തള്ളി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിഡ്ഢിത്തം കേട്ടവർ ചിരി നിർത്തിക്കാണില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. എകെജി സെന്ററിൽ നിന്നാണ് സുരേന്ദ്രനും പ്രസ്താവനകൾ എഴുതി നൽകുന്നത്. കുഴൽപ്പണക്കേസ് ഒതുക്കി തീർത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.
dsrydry