ഡിസംബർ ആദ്യവാരത്തോടെ പാൽ വില കൂടും; മന്ത്രി ജെ. ചിഞ്ചുറാണി
ഡിസംബർ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാൽ വില വർധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വർധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകർഷകരുമായി ഉൾപ്പെടെ കൂടിയാലോചിച്ച ശേഷം തുകയിൽ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാവും വിലവർധനവ്.
മിൽമയ്ക്ക് വില വർധിപ്പിക്കാനുള്ള അധികാരം ഉണ്ടെങ്കിലും വിലവർധിപ്പിക്കുക സർക്കാരുമായി കൂടിയാലോചിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞഅഞു. ക്ഷീരകർഷകർക്ക് നൽകുന്ന സബ്‌സിഡി പുനരാരംഭിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.
ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടണമെന്നാണ് മിൽമയുടെ ശുപാർശ. ഈ മാസം 21നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് മിൽമ സർക്കാരിന് നൽകുന്ന ശുപാർശയിൽ പറയുന്നത്. പാൽവില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതി നൽകിയ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് നിലവിലെ തീരുമാനം. പാലക്കാട് കല്ലേപ്പുളളിയിൽ ചേർന്ന അടിയന്തര ബോർഡ് യോഗത്തിൽ മിൽമ പാൽ ലിറ്ററിന് 8 രൂപ 57 പൈസ വർധിപ്പിക്കാനാണ് തീരുമാനമായത്.