സർക്കാരിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്; കുഫോസ് വി.സി നിയമനം റദ്ദാക്കി
സംസ്ഥാന സർക്കാരിന് തിരിച്ചടിയായി കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ്) വൈസ് ചാൻസലർ നിയമനം റദ്ദുചെയ്ത് ഹൈക്കോടതി. കുഫോസ് വിസിയായ ഡോ. കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്നെ വാദം ഹൈക്കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.
എറണാകുളം സ്വദേശിയായ ഡോ. കെകെ വിജയൻ, ഡോ. സദാശിവൻ എന്നിവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് കുഫോസ് വിസി നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് റിജി ജോണിന്റെ നിയമനം എന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ റിജി ജോണിന്റെ നിയമനവും നിലനിൽക്കില്ല എന്നും ഹർജിക്കാർ കോടതി മുമ്പാകെ വാദിച്ചു.
സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹർജിയിൽ നേരത്തെ വാദം കേട്ട കോടതി, വിധി പറയാനായി മാറ്റിവച്ചിരുന്നു. ഇതാണ് ഇന്ന് പരിഗണിച്ചത്. ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയവരിൽ ഒരാളാണ് റിജി കെ ജോൺ.
olhl