വൈദ്യുതി വിച്ഛേദിക്കുമെന്ന് സന്ദേശമയച്ച് ലക്ഷങ്ങൾ‍ തട്ടിയ കേസിൽ ജാർ‍ഖണ്ഡ് സ്വദേശി അറസ്റ്റിൽ‍


ആലപ്പുഴ: കെഎസ്ഇബി ബിൽ‍ അടയ്ക്കാനെന്ന പേരിൽ‍ വ്യാജസന്ദേശം അയച്ച് ലക്ഷങ്ങൾ‍ തട്ടിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ‍. ജാർ‍ഖണ്ഡ് സ്വദേശിയായ കിഷോർ‍ മഹതോ(22) ആണ് ആലപ്പുഴ പൊലീസിന്റെ പിടിയിലായത്. ജാർ‍ഖണ്ഡ് ജംതാരയിൽ‍ നിന്നാണ് ഇയാൾ‍ അറസ്റ്റിലായത്. സെപ്റ്റംബർ‍ 26നായിരുന്നു കേസിനാസ്പദമായ സംഭവം. വ്യാജസന്ദേശം അയച്ച് 2,49,997 രൂപയാണ് സംഘം തട്ടിയെടുക്കുകയായിരുന്നു. 24 മണിക്കൂറിനകം വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് അറിയിച്ചുള്ള സന്ദേശം ചെട്ടിക്കുളങ്ങര സ്വദേശിയുടെ വാട്‌സ്ആപ്പിൽ‍ എത്തിയതാണ് തട്ടിപ്പിന്റെ തുടക്കം. കെഎസ്ഇബി കൺട്രോൾ‍ കമ്മീഷനിലേതെന്ന് സൂചിപ്പിച്ച് ലോഗോയോട് കൂടിയ വ്യാജബില്ലും അയച്ചു. വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ ബന്ധപ്പെടാൻ ആവശ്യപ്പെട്ട് ഫോൺ നമ്പറും നൽ‍കിയിരുന്നു. 

ഫോണിൽ‍ വിളിച്ചപ്പോൾ‍ കെഎസ്ഇബി സെൻട്രൽ‍ ഓഫീസിൽ‍ നിന്നാണെന്ന് പറഞ്ഞയാൾ‍ തമിഴ് കലർ‍ന്ന മലയാളത്തിലായിരുന്നു സംസാരിച്ചത്. പണം അടയ്ക്കുന്നതിനായി റിക്വസ്റ്റ് ഫോം എന്ന വ്യാജേന ഒരു ലിങ്ക് അയച്ചു നൽ‍കി ഫോണിൽ‍ സ്‌ക്രീന്‍ ഷെയർ‍ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ബിൽ‍ തുകയായി കാണിച്ച 625 രൂപ അയച്ചതിന് പിന്നാലെ പലതവണകളായി രണ്ട് ലക്ഷത്തിലധികം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി മെസേജ് ലഭിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർ‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽ‍കുകയായിരുന്നു.

സൈബർ‍ ക്രൈം ജില്ലാ നോഡൽ‍ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഫോൺ രേഖകൾ‍, ഇന്റർ‍നെറ്റ് ഉപയോഗം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ‍, പാൻ കാർ‍ഡ്, ആധാർ‍ വിവരങ്ങൾ‍, സോഷ്യൽ‍ മീഡിയ അക്കൗണ്ടുകൾ‍ എന്നിവ പരിശോധിച്ചാണ് പൊലീസ് ജാർ‍ഖണ്ഡ് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പിനായി ഉപയോഗിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും മറ്റ് രേഖകളും പരിശോധിച്ച് തട്ടിപ്പിനിരയായവരുടെ വിവരങ്ങൾ‍ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

article-image

fy

You might also like

Most Viewed