പാറശാലയിലെ യുവാവിന്‍റെ ദുരൂഹ മരണം അന്ധവിശ്വാസത്തിന്‍റെ പേരിലുള്ള കൊലയാകാമെന്ന് കുടുംബം

പാറശാലയിലെ യുവാവിന്‍റെ ദുരൂഹ മരണം അന്ധവിശ്വാസത്തിന്‍റെ പേരിലുള്ള കൊലയാകാമെന്ന് കുടുംബം. മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്‍റെ മകൻ ഷാരോൺ രാജിനെ പെൺസുഹൃത്ത് കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. യുവതി നൽകിയ പാനീയം കഴിച്ചശേഷം വൃക്ക ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് മരണം സംഭവിച്ചതെന്നാണ് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇരുവരും അടുപ്പത്തിലായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടി വിവാഹം നടത്തി. കഴിഞ്ഞയിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതിനെചൊല്ലി ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു.
ആദ്യം സെപ്തംബറിൽ വിവാഹം നടത്താനാണ് തീരുമാനിച്ചതെങ്കിലും ഈ വർഷം നവംബറിനു മുമ്പ് വിവാഹിതയായാൽ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളത് കൊണ്ട് തീയതി മാറ്റിവച്ചെന്ന് യുവതി ഇയാളോട് പറഞ്ഞിരുന്നു. ഈ ജാതകദോഷം തീർക്കാൻ യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാകാമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ 14നാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
പെൺകുട്ടി നൽകിയ പാനീയം കഴിച്ച് ഛർദിച്ച് അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്‌നമില്ലാത്തതിനാൽ പിന്നീട് വിട്ടയച്ചു. തൊട്ടടുത്ത ദിവസം വായിൽ വ്രണങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് വെള്ളം പോലും കുടിക്കാന്‍ വയ്യാത്ത അവസ്ഥയിലേയ്ക്ക് മാറി. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോൾ വൃക്കകളുടെ പ്രവർത്തനം താറുമാറായതായി ബോധ്യപ്പെട്ടു. വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മറ്റ് പല ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം മോശമായി. ഒന്‍പത് ദിവസത്തിനിടെ ഇയാൾക്ക് അഞ്ചു തവണ ഡയാലിസിസ് നടത്തി. അവസ്ഥ മോശമായതിനെ തുടർന്ന് പിന്നീട് മരിക്കുകയായിരുന്നു.
സംഭവത്തിൽ യുവാവിന്‍റെ പിതാവ് പാറശാല പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നാണ് ആരോപണം. അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസിന്‍റെ വിശദീകരണം. വൃക്കയുടെയും കരളിന്‍റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
drydu