എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിലേക്ക്

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി സർക്കാർ. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ നിയമോപദേശം തേടി. ബലാത്സംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എൽദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. അതുകൊണ്ട് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. തെളിവ് ശേഖരണത്തിന് എൽദോസിന്റെ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.
കഴിഞ്ഞദിവസങ്ങളിലെ ചോദ്യം ചെയ്യലുകളിൽ പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും അവർക്കൊപ്പമുള്ള യാത്രകളെ കുറിച്ചും എൽദോസ് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരങ്ങൾ. 11 ഉപാധികളുടേയും അഞ്ചു ലക്ഷം രൂപയുടേയും രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
മൊബൈൽ ഫോണും പാസ്‌പോർട്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം, കേരളം വിട്ടുപോകരുത്, സാമൂഹിക മാധ്യമങ്ങളിലൂടെ ഇരയെ അപകീർത്തിപ്പെടുത്തരുത്, പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നുണ്ട്.
gcffch