'പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടി തീരുമാനം'; എല്ലാ എന്‍ജിഒകളും കമ്മ്യൂണിസ്റ്റ് ആശയവുമായി സഹകരിക്കുന്നവരായിരിക്കില്ലെന്ന് കെകെ ശൈലജ
രമണ്‍ മക്‌സസെ പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ. കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനത്തിലേക്ക് എത്തിയത്. ഇത് തന്റെ വ്യക്തിപരമായ കാര്യമല്ലെന്നും കെകെ ശൈലജ പ്രതികരിച്ചു. 'എന്‍ഡിഒകള്‍ മിക്കവാറും കമ്മ്യൂണിസ്റ്റ് ആശയവുമായി സഹകരിക്കുന്നവരായിരിക്കില്ല. അത് വ്യക്തിയെന്ന നിലയില്‍ സ്വീകരിക്കുന്നത് ശരിയല്ല. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ട് കൂടിയാണ് അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത്. അത് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് താല്‍പര്യമില്ലെന്ന് അറിയിച്ച് നിഷേധിക്കുകയാണ് ചെയ്തത്. കേരളത്തിന്റെ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ എന്ന നിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാണ് അവാര്‍ഡിന് പരിഗണിച്ചത്.' കെ കെ ശൈലജ പറഞ്ഞു.
ജ്യോതി ബസുവിന്റെ പ്രധാനമന്ത്രി പദം നിരസിച്ചതുമായിട്ടാണ് ഇതിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നും കെകെ ശൈലജ പറഞ്ഞു. 'പാര്‍ട്ടിയെന്ന നിലില്‍ കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. വ്യക്തിപരമായ കാര്യമല്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുമായി ചര്‍ച്ച ചെയ്തു. ഞാന്‍ ഒരു കേന്ദ്രകമ്മിറ്റി അംഗമാണല്ലോ.' എന്നായിരുന്നു കെകെ ശൈലജയുടെ പ്രതികരണം. നിപ, കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് കമ്മിറ്റി 64ാമത് പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രശംസ ലഭിച്ചിരുന്നു. സിപിഐഎം തങ്ങളുടെ ചരിത്ര മണ്ടത്തരം ആവര്‍ത്തിച്ചു എന്ന് വിശേഷണത്തോടെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
a