മലപ്പുറത്ത് കഴിഞ്ഞ 7 മാസത്തിനിടെ തെരുവ് നായ കടിച്ചത് 7,000 ൽ അധികം പേരെ
മലപ്പുറം ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏഴായിരത്തിലധികം പേർക്കാണ് ജില്ലയിൽ തെരുവുനായകളുടെ ആക്രമണമേറ്റത്. സൈ്വര്യ ജീവിതത്തിന് വിഘാതമാകുമ്പോഴും അധികൃതർ ഒന്നും ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
കടിയേറ്റതിനേക്കാൾ കൂടുതൽ നായ ശരീരത്തിൽ മാന്തിയതും നക്കിയതുമായ സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കടിയേൽക്കേണ്ടി വന്നവരും എണ്ണത്തിൽ കുറവല്ല. പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികളും ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
തെരുവുനായകളെ കൊണ്ട് പൊറുതിമുട്ടി കോഴിഫാമുകൾ നിറുത്തേണ്ടി വന്നവരും ജില്ലയിൽ ധാരാളമാണ്. വണ്ടൂർ, അരീക്കോട്, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകൾ രാത്രിയും പകലും തെരുവുനായകളുടെ സംഗമസ്ഥലമാണ്.
അരീക്കോട് താഴത്തങ്ങാടി-മാതക്കോട് ഭാഗങ്ങളിലുള്ള മൂന്ന് പേർക്ക് ഏപ്രിലിൽ നായയുടെ കടിയേറ്റിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നായകൾ തമ്പടിക്കുന്നതിനാൽ യാത്രക്കാരും വലിയ പ്രതിസന്ധിയിലാണ്.
കുടുംബശ്രീ മുഖേന തെരുവ്‌നായകളെ വന്ധ്യംകരിക്കുന്നത് തടയണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതോടെ മാസങ്ങളായി ജില്ലയിൽ എ.ബി.സി പദ്ധതി മുടങ്ങിക്കിടക്കുകയാണ്.
a